സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടക്കം 12 ഇടത്തെ 94 മണ്ഡലങ്ങളിൽ കഴിഞ്ഞ ഒരു മാസം നീണ്ടു നിന്നത് വാശിയേറിയ പ്രചാരണമാണ്. കോൺഗ്രസിന് എതിരെ മുസ്ലിം പ്രീണനവും പാകിസ്ഥാൻ ബന്ധവും എല്ലാം പ്രധാനമന്ത്രിയും ബിജെപിയും പ്രചാരണമാക്കിയപ്പോൾ പ്രജ്വൽ രേവണ്ണയുടെ ലൈംഗിക അതിക്രമവും കേന്ദ്ര ഏജൻസികളുടെ വേട്ടയാടലുമാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും ചർച്ചയാക്കിയത്. ഗുജറാത്തിലെ മുഴുവൻ മണ്ഡലങ്ങളും കർണാടകയിലെ അവശേഷിക്കുന്ന 14 മണ്ഡലങ്ങളും ഗോവയിലെ രണ്ട് മണ്ഡലങ്ങളും മൂന്നാം ഘട്ടത്തിൽ വിധിയെഴുതും. മഹാരാഷ്ട്രയിൽ 11, ഉത്തർപ്രദേശിൽ 10 സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരിലെ അനന്ത്നാഗ്– രജൗറി മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് മേയ് എഴിൽ നിന്ന് മേയ് 25ലേക്ക് മാറ്റിയിട്ടുണ്ട്. ബിഎസ്പി സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്ന് മാറ്റിവെച്ച മധ്യപ്രദേശിലെ ബെറ്റുല സീറ്റിലെ തിരഞ്ഞെപ്പും മൂന്നാം ഘട്ടത്തിൽ നടക്കും.