എയർ ഇന്ത്യയ്ക്ക് 1.10 കോടി രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ചില ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്ന വിമാനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
വിവിധ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് എയർ ഇന്ത്യ ജീവനക്കാരൻ തന്നെ വിമാനക്കമ്പനിക്കെതിരെ റിപ്പോർട്ട് നൽകിയതായി ഡിജിസിഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. റിപ്പോർട്ട് സമഗ്രമായി പരിശോധിച്ചതായും ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയതായും ഏവിയേഷൻ റെഗുലേറ്റർ.
ചില സുപ്രധാന ദീർഘദൂര റൂട്ടുകളിൽ എയർ ഇന്ത്യ സർവീസ് നടത്തുന്ന വിമാനങ്ങളിൽ സുരക്ഷാ ലംഘനങ്ങൾ നടന്നുവെന്നാണ് ആരോപണം. എയർ ഇന്ത്യ ലിമിറ്റഡിന്റെ മാനേജർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.