Kerala

ഇന്നുവരെ ആരുമെടുക്കാത്ത മഹാത്യാഗമെന്ന തള്ള് അംഗീകരിക്കില്ല; ആടുജീവിതത്തിനെതിരെ ബിജെപി സഹയാത്രികന്‍

തിയറ്റുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ആടുജീവിതം സിനിമക്കെതിരെ വിമര്‍ശനവുമായി ബിജെപി സഹയാത്രികന്‍ ഷാബു പ്രസാദ്. ആടുജീവിതത്തിന്റെ നിര്‍മ്മാണത്തിനായി സംവിധായകന്‍ ബ്ലെസിയും ടീമും എടുത്ത കാലയളവിനെ വിമര്‍ശിച്ചാണ് ഷാബു പ്രസാദ് രംഗത്തെത്തിയത്. 2018 മുതലാണ് ബ്ലെസിയും ടീമും ഈ സിനിമയ്ക്ക് വേണ്ടി ഇറങ്ങിയതെന്നും, ഇന്നുവരെ ഒരാളും എടുക്കാത്ത മഹാത്യാഗം, അധ്വാനം എന്നൊക്കെ പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഷാബു പ്രസാദ് ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. സിനിമ തീയേറ്ററിലും അസ്വാദക പ്രതികരണത്തിലും ഹിറ്റാകുന്നതിനിടെയാണ് ബിജെപി സഹയാത്രികൻ രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

പതിനാറ് കൊല്ലത്തെ കഠിനധ്വാനത്തിന്റെ ഫലമാണ് ആടുജീവിതം എന്നാണ് പ്രധാന ഹൈപ്പ്… എന്താണ് സത്യം…

2008 ലാണ് ബ്ലെസ്സി ബെന്യാമിന്റെ കൈയ്യില്‍ നിന്ന് നോവല്‍ സിനിമയാക്കാനുള്ള അവകാശം വാങ്ങുന്നതും പ്രഥ്വിരാജിനെ കാസ്റ്റ് ചെയ്യുന്നതും… ബ്ലെസ്സി സ്‌ക്രീപ്റ്റിന്റെ വര്‍ക്ക് തുടങ്ങി… അതങ്ങനെ പോയി… അതിനിടയില്‍ ബ്ലെസ്സി ഭ്രമരം, പ്രണയം, കളിമണ്ണ് സിനിമകള്‍ ചെയ്തു… ഗിന്നസ് ബുക്ക് ഓഫ് റിക്കോര്‍ഡ് നേടിയ, മാര്‍ കൃസോസ്റ്റം തിരുമേനിയെപ്പറ്റിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഡോക്കുമെന്ററി ചെയ്തു… അതിന് ഒരുപാട് അവാര്‍ഡുകള്‍ കിട്ടി…

ഇതിനിടയില്‍ ബ്ലെസ്സി ആടുജീവിതം നിര്‍മ്മിക്കാന്‍ പറ്റിയ പ്രൊഡ്യൂസര്‍മാരെ അന്വേഷിക്കുകയായിരുന്നു…2015ലാണ് പ്രൊഡ്യൂസറെ ലഭിക്കുന്നത്…

2018ല്‍ ഷൂട്ടിങ് തുടങ്ങി. ജോര്‍ദാന്‍, അല്‍ജീറിയ മരുഭൂമികളില്‍ ആയിരുന്നു പ്രധാന രംഗങ്ങളെല്ലാം എടുത്തത്… അതിനിടയില്‍ കോവിഡ് വന്നു… അങ്ങനെ കുറച്ചുകാലം പോയി…2022ല്‍ ഷൂട്ടിങ് കഴിഞ്ഞു…

ചുരുക്കത്തില്‍ ബ്ലെസ്സിയും ടീമും ഈ പടത്തിനു വേണ്ടി ഡെഡിക്കേറ്റ് ചെയ്തത് 2018 മുതലുള്ള സമയമാണ്….

അതത്ര ചെറുതാണ് എന്നൊന്നും പറയുന്നില്ല. പടത്തിനു ഹൈപ്പ് കൊടുക്കേണ്ടത് വിജയത്തിന് ആവശ്യമാണ്.. ഒക്കെ ശരി… ഏത് സിനിമക്ക് പിന്നിലും ഒരുപാട് പേരുടെ ഡെഡിക്കേഷനും അധ്വാനവുമുണ്ട്… അതൊക്കെ ഏറിയും കുറഞ്ഞും ആടുജീവിതത്തിലുമുണ്ട്… അതിനെ ബഹുമാനിക്കുകയും ചെയ്യുന്നു..

പക്ഷേ ഇന്നുവരെ ഒരാളും എടുക്കാത്ത മഹത്യാഗം അധ്വാനം എന്നൊക്കെ തള്ളിയാല്‍ അംഗീകരിക്കാന്‍ കഴിയില്ല.

അതേസമയം ആദ്യ ദിവസം പിന്നിടുമ്പോള്‍ സിനിമയ്ക്ക് ഗംഭീര റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. ഇന്റര്‍നാഷണല്‍ ലെവല്‍ സിനിമയാണ് ആടുജീവിതമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പൃഥ്വിരാജ് കഥാപാത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്തിയിട്ടുണ്ടെന്നും നാഷണല്‍ അവാര്‍ഡ് ഉറപ്പാണെന്നുമുള്ള അഭിപ്രായങ്ങളും വരുന്നുണ്ട്. ആദ്യദിവസം കേരളത്തില്‍ നിന്നും 5.83 കോടി രൂപയാണ് ആടുജീവിതം സ്വന്തമാക്കിയത്. ഈ വര്‍ഷം റിലീസ് ചെയ്ത സിനിമകളില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ സിനിമ എന്ന ഖ്യാതിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 5.85 കോടിയുമായി മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ ആണ് ഒന്നാമത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top