തിരുവനന്തപുരം: ബുള്ളറ്റ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു മരണം. നെടുമങ്ങാട് കരിപ്പൂര്‍ മല്ലമ്പ്രക്കോണത്താണ് കുരുന്നിന്റെ ജീവന്‍ എടുത്ത സംഭവം. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ഷിജാദ് നൗഷിമ ദമ്പതികളുടെ ഇളയ മകന്‍ ആബിദ് മിന്‍ഹാന്‍ ആണ് ദാരുണമായി മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. ഡോക്ടര്‍മാര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ആണ് അപകടം ഉണ്ടാക്കിയത്.

അപകടത്തില്‍ കുട്ടിയുടെ മാതാവ് നൗഷിമയ്ക്ക് കാലിനും തോളിനും പരുക്കേറ്റിട്ടുണ്ട്. നൗഷിമയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിതുരയില്‍ നിന്നും ഷിജാദും ഭാര്യയും മൂന്നു മക്കളുമായി ഓട്ടോയില്‍ നെടുമങ്ങാട് ഭാഗത്തേയ്ക്ക് വരികയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ അമ്മയുടെ കൈയിലിരുന്ന കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയും ബുള്ളറ്റും റോഡിലേക്ക് മറിഞ്ഞു. ബുള്ളറ്റിൽ സഞ്ചരിച്ചവർ വാഹനം ഉപേക്ഷിച്ച് ഓടി. അപകടം ഉണ്ടാക്കിയ ബുള്ളറ്റ് വലിയമല പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

