കോട്ടയം: മദ്യലഹരിയില്‍ അപകടകരമായി കാറോടിച്ച യുവാവില്‍ നിന്ന് മോന്‍സ് ജോസഫ് എംഎല്‍എ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ കടുത്തുരുത്തിയ്ക്ക് സമീപം അറുനൂറ്റിമംഗലത്തായിരുന്നു സംഭവം.

നാട്ടുകാരുമായി സംസാരിച്ച് നിന്ന മോന്‍സ് ജോസഫിന് നേരെ അമിത വേഗത്തയിലെത്തിയ കാര്‍ പാഞ്ഞടുക്കുകയായിരുന്നു. കൃത്യസമയത്ത് നാട്ടുകാരില്‍ ചിലര്‍ എംഎല്‍എയെ പിടിച്ച് മാറ്റിയതിനാൽ വലിയ അപകടമാണ് ഒഴിവാകുകയായിരുന്നു.

മുളകുളം ഭാഗത്ത് നിന്നെത്തിയ കാറാണ് എംഎല്‍എയ്ക്ക് നേരെ പാഞ്ഞടുത്തത്. റോഡില്‍ ഇറക്കിയിട്ടിരുന്ന മണ്ണിലിടിച്ചാണ് കാര്‍ നിന്നത്. എന്നിട്ടും പിന്നോട്ട് എടുത്ത കാര്‍ ചില നാട്ടുകാരുടെ ദേഹത്ത് തട്ടി. പിന്നാലെ നാട്ടുകാര്‍ കാര്‍ തടഞ്ഞ് ഡോര്‍ തുറന്ന് ഡ്രൈവറെ പുറത്തിറക്കുകയായിരുന്നു. ഈ സമയമാണ് ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് മനസിലായത്.
പ്രദേശവാസികൾക്ക് പരിചയമുള്ളയാളാണ് വാഹനം ഓടിച്ചിരുന്നത്. വെള്ളൂര്‍ പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും സംഭവത്തില്‍ പരാതിയില്ലെന്ന് എംഎല്‍എ പറഞ്ഞു.

