തിരുവനന്തപുരം: പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ഐപിഎസിനെ നിയമിച്ചതിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. കൂത്തുപറമ്പ് വെടിവെപ്പിന് ഓർഡർ കൊടുത്ത അന്നത്തെ കണ്ണൂർ എഎസ്പി റവാഡ ചന്ദ്രശേഖറിനെ കേരള പൊലീസ് മേധാവിയായി തിരഞ്ഞെടുത്ത മോദി-പിണറായി സർക്കാരുകൾക്ക് അഭിവാദ്യങ്ങൾ എന്ന് അബിൻ ഫേസ്ബുക്കിൽ കുറിച്ചു.

‘ഇല്ല.. ഇല്ല.. മരിക്കുന്നില്ല..രക്തസാക്ഷികൾ മരിക്കുന്നില്ല.. ജീവിക്കുന്നു നമ്മളിലൂടെ.. നമ്മൾ ഭരിക്കും സർക്കാരിലൂടെ.. ആ സർക്കാരിന്റെ ഡി.ജി.പി യിലൂടെ..’ എന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ സർക്കാർ നിയമിച്ചത് മെറിറ്റിന്റെ അടിസ്ഥാനത്തിലെന്ന് മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ പറഞ്ഞു. നിയമനം വിശദീകരിക്കേണ്ടത് സർക്കാരാണ്. പട്ടികയിലുള്ള ഒരാളെ യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമിച്ചു. നിയമം വിവാദമാക്കേണ്ടതില്ലെന്നും പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
കൂത്തുപറമ്പ് വെടിവെയ്പ്പിന് നിർദേശം നൽകിയ പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥനായ റവാഡയെ പൊലീസ് തലപ്പത്തേക്ക് കൊണ്ടുവരുന്നത് രാഷ്ട്രീയമായി പ്രശ്‌നമാകുമോയെന്ന തരത്തിലുള്ള ചർച്ചകൾ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് പി ജയരാജൻ പ്രതികരിച്ചത്.

