തിരുവനന്തപുരം: യുവനേതാക്കള്‍ ഖദര്‍ ഉപേക്ഷിച്ചുവെന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയിലിന്റെ പരാമര്‍ശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. കാലത്തിന് അനുസരിച്ച് കോലം മാറണമെന്ന് അബിന്‍ വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചു. രാഹുല്‍ ഗാന്ധി പോലും മറ്റു വസ്ത്രങ്ങള്‍ അണിയുന്നുണ്ടെന്നും ഖദറിന് ചെലവ് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

ഖദര്‍ മാത്രം അണിയണമെന്ന് പറയുന്നവര്‍ കാലത്തിന്റെ മാറ്റൊലി കേള്‍ക്കാത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കാലാനുസൃതമായ മാറ്റം രാഷ്ട്രീയത്തിലും സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിലും വസ്ത്രങ്ങളിലും ഉണ്ടായിട്ടുണ്ട്. ഗാന്ധിജിയെ പോലെ അല്‍പ വസ്ത്രധാരിയായി ഇന്ത്യയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന്റെ സാഹചര്യമോ അംഗീകാരമോ ഇന്നില്ല.

ഇന്ന് ഒരു ഖദര്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് പുറത്തിറങ്ങണമെങ്കില്‍ വസ്ത്രത്തിന്റെ വിലയെക്കാള്‍ കൂടുതല്‍ ചിലവാണ്. മാത്രമല്ല ഖദറില്‍ ഡിസൈനുകളും കുറവാണ്. ഈ കാരണങ്ങള്‍ കൊണ്ട് ഞാന്‍ ഖദര്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ആക്കി. ബാക്കി ദിവസങ്ങളില്‍ കളര്‍ വസ്ത്രങ്ങളും, ടീഷര്‍ട്ടുകളും , ജീന്‍സും ഒക്കെ ധരിക്കാറുണ്ട്’, അബിന്‍ വര്‍ക്കി പറഞ്ഞു.

