പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നതിനും കസ്റ്റഡി മർദനങ്ങളും ലോക്കപ്പ് മരണങ്ങളും പൂർണമായി തടയുന്നതിനുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.

പാറാവ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഇനിമുതല്‍ ഡ്യൂട്ടി സമയത്ത് മൊബൈല്‍ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ച് സമയം കളയാൻ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. സ്റ്റേഷനുകളില്‍ അനാവശ്യമായി സംസാരിച്ചു നടക്കുന്നതും അലസമായി ഇരിക്കുന്നതും കണ്ടാല്‍ കർശന നടപടി സ്വീകരിക്കും.

ലോക്കപ്പിലുള്ള പ്രതികളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രധാന ചുമതല പാറാവ് ഡ്യൂട്ടിക്കാർക്കാണ്. പ്രതികളുടെ ശാരീരികവും മാനസികവുമായ അവസ്ഥ കൃത്യമായി പരിശോധിക്കണമെന്നും, ലോക്കപ്പുകളില്‍ ആത്മഹത്യാ സാധ്യതകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശത്തിലുണ്ട്. കസ്റ്റഡിയിലുള്ള ആളോ പ്രതിയോ ഏതെങ്കിലും തരത്തിലുള്ള മർദനത്തിനോ മൂന്നാംമുറയ്ക്കോ ഇരയായി എന്ന് സംശയം തോന്നിയാല്‍, പാറാവ് ഡ്യൂട്ടിയിലുള്ളവർ ഉടൻതന്നെ ഡിവൈഎസ്പിയെയോ ജില്ലാ പൊലീസ് മേധാവിയെയോ വിവരം അറിയിക്കണം.
രാത്രികാല ഡ്യൂട്ടികളെ അതിസുരക്ഷാ വിഭാഗമായി കണക്കാക്കണമെന്നും സ്റ്റേഷനിലെത്തുന്നവരെ കർശന പരിശോധനയ്ക്കു ശേഷം മാത്രമേ പ്രവേശിപ്പിക്കാവൂ എന്നും ഉത്തരവിലുണ്ട്. നിലവിലുള്ള സ്റ്റേഷനുകളിലെ ആള്‍ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂർ പാറാവ് ഡ്യൂട്ടിക്ക് ഇനി മുതല്‍ മൂന്ന് ഉദ്യോഗസ്ഥരെ വീതം നിയോഗിക്കണം. പല സ്റ്റേഷനുകളിലും രണ്ട് ഉദ്യോഗസ്ഥർ മാത്രമാണ് നിലവിലുള്ളത് എന്നതിനാല്‍ പുതിയ ഉത്തരവ് നടപ്പാക്കുമ്പോള്‍ ജീവനക്കാരുടെ കുറവ് പ്രതിസന്ധിയായേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
സ്റ്റേഷനുകളില്‍ എത്തുന്ന പൊതുജനങ്ങളോട് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനായിരിക്കും. പാറാവ് ഡ്യൂട്ടി അടക്കമുള്ള സ്റ്റേഷനുകളുടെ സുരക്ഷാകാര്യങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാർ നേരിട്ട് വിലയിരുത്തണമെന്നും, ഇതിനായി സ്റ്റേഷനുകളില്‍ മിന്നല്‍ പരിശോധനകള്‍ ഉള്‍പ്പെടെ നടത്തണമെന്നും ഉത്തരവില്‍ നിർദേശിക്കുന്നു.