മികച്ച ഉദ്യോഗസ്ഥനുള്ള പുരസ്കാരം വാങ്ങിയ ശേഷം നേരെ പോയത് വ്യാജചാരായ വേട്ടയ്ക്ക് ; വീണ്ടും മികവ് തെളിയിച്ച് കോട്ടയം എക്സൈസ് സംഘം ; 10 ലിറ്റർ ചാരായവുമായി ആർപ്പൂക്കര സ്വദേശിയെ പിടികൂടി എക്സൈസ് സംഘം

കോട്ടയം: മികച്ച ഉദ്യോഗസ്ഥനുള്ള പുരസ്കാരം നേടിയ ശേഷം നേരെ പോയത് വ്യാജചാരായ വിൽപ്പനക്കാരനെ പിടികൂടാൻ. കോട്ടയം കോട്ടയം എക്സൈസ് എൻ ഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സംഘത്തിലെ ഉദ്യോഗസ്ഥരാണ് ജില്ലാ ഭരണകൂടത്തിൻ്റെ ഓണാഘോഷത്തിൻ്റെ ഭാഗമായി നേടിയ പുരസ്കാരത്തിന് ശേഷം നേരെ വ്യാജ ചാരായ വിൽപ്പനക്കാരനെ പിടികൂടാൻ പോയത്. ആർപ്പൂക്കര മഞ്ചാടിക്കരികരയിൽ കളത്തിപറമ്പിൽ വീട്ടിൽ സനീഷ് ബാബു (45)വിനെയാണ് എക്സൈസ് സംഘം പിടികൂടിയത്.

ഇന്നലെ രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം എക്സൈസ് എൻ ഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സംഘത്തിലെ അസി.എക്സൈസ് ഇൻസ്പെക്ടറായ ബി.ആനന്ദരാജിന് ഇന്നലെ വൈകിട്ട് തിരുനക്കരയിൽ നടന്ന ജില്ലാ തല ഓണാഘോഷ പരിപാടികളുടെ ഭാഗമായി മികച്ച എക്സൈസ് ഉദ്യോഗസ്ഥനുള്ള പുര്സ്കാരം സമ്മാനിച്ചിരുന്നു. ഈ പരിപാടിയ്ക്കിടെയാണ് ഇദ്ദേഹത്തിന് ആർപ്പൂക്കര പ്രദേശത്തെ വ്യാജചാരായ വിൽപ്പനയെപ്പറ്റി വിവരം ലഭിക്കുന്നത്. എക്സൈസിൻ്റെ ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായാണ് ഇദ്ദേഹത്തിന് ഈ വിവരം ലഭിച്ചത്. തുടർന്ന്, ഇദ്ദേഹം നേരെ ആർപ്പൂക്കരയിലെ മഞ്ചാടിക്കരി ഭാഗത്തേയ്ക്ക് എത്തി.

തുടർന്ന് നടത്തിയ പരിശോധനയിൽ ഓണം വിപണി ലക്ഷ്യമാക്കി വിൽപ്പനയ്ക്കായി വച്ചിരുന്ന10 ലിറ്റർ ചാരായവും പിടിച്ചെടുക്കുകയായിരുന്നു. കോട്ടയം എക്സൈസ് എൻ ഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് അസ്സിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബി.ആനന്ദ രാജിന്റെ നേതൃത്വത്തിൽ, അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡു മാരായ ബൈജു മോൻ കെ.സി, ഹരിഹരൻ പോറ്റി ഗ്രേഡ് പ്രിവൻ്റീവ് ഓഫിസർമാരായ ഇ.വി ബിനോയ്, പ്രവീൺ ശിവാനന്ദ്, സിവിൽ എക്സൈസ് ഓഫിസർമാരായ യേശുദാസ്, അതുൽ മണിയപ്പൻ വനിതാ സിവിൽ എക്സൈസ് ഓഫിസർ ലക്ഷ്മി പാർവ്വതി എന്നിവർ ചേർന്നാണ്പ്രതിയെ അറസ്റ്റു ചെയ്തത് . തുടർനടപടികൾക്കായി പ്രതിയെ ഏറ്റുമാനൂർ കോടതിയിൽ ഇന്ന് രാവിലെ ഹാജരാക്കും