
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്.സി.ആർ.എയിലെ (FCRA) ഭേദഗതികൾ രാജ്യത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു. പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അടുത്തിടെ എഫ്.സി.ആർ.എ (FCRA) ചട്ടങ്ങളിൽ വരുത്തിയ വലിയ മാറ്റങ്ങൾ രാജ്യത്ത് സുതാര്യമായും ആത്മാർത്ഥമായും പ്രവർത്തിക്കുന്ന നിരവധി സംഘടനകളുടെ പ്രവർത്തനങ്ങളെ പൂർണ്ണമായി തടസ്സപ്പെടുത്തുന്നതാണ്.സംഘടനകളുടെ ആത്മാർത്ഥതയും വിശ്വാസ്യതയും മാത്രം പരിശോധിച്ച് ആവശ്യമായ ചട്ടലഘൂകരണം വരുത്തണമെന്നും, അനാവശ്യമായ കടുത്ത നിയന്ത്രണങ്ങൾ പിൻവലിക്കണം.
രാജ്യത്ത് ഇ20 ഇന്ധനം ഉപയോഗിക്കുന്നതിന് അനുയോജ്യമായ വാഹനങ്ങളല്ല നിലവിൽ രാജ്യത്തെ നിരത്തുകളിലുള്ളത്. ഇ20 നിർബന്ധിതമാക്കുന്നത് വാഹനങ്ങളുടെ എഞ്ചിനുകൾക്ക് തകരാറുകൾ ഉണ്ടാക്കാനും മൈലേജ് ഗണ്യമായി കുറയാനും ഇടയാക്കുന്നു. കേന്ദ്രസർക്കാർ അവകാശപ്പെടുന്നതുപോലെ ഇതിലൂടെ വിദേശനാണ്യ ലാഭം ഉണ്ടാകുന്നില്ല.ചില വൻകിട ഗ്രൂപ്പുകളെ സഹായിക്കുന്നതിനായുള്ള ബോധപൂർവമായ നീക്കമാണോ ഇ20 നയം എന്ന കാര്യത്തിൽ സംശയമുണ്ടെന്നും, ഈ തീരുമാനം എത്രയും വേഗം പിൻവലിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
കൃത്യമായ രേഖകളും നടപടിക്രമങ്ങളും ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകൾ കാരണം കുടിയേറ്റ തൊഴിലാളികൾ, വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ തുടങ്ങിയ വലിയൊരു വിഭാഗം സെൻസസ് നടപടികളിൽ നിന്ന് ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ട്.ഇത് രാജ്യത്തിന്റെ യഥാർത്ഥ ജനസംഖ്യാ കണക്കുകളിൽ വലിയ വിടവ് സൃഷ്ടിക്കും.\മിസ്സിംഗ് വോട്ടർ’ എന്ന പ്രതിഭാസത്തിന് സമാനമായി ‘മിസ്സിംഗ് പോപ്പുലേഷൻ’ എന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും, രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും കൃത്യമായി ഉൾപ്പെടുത്തി സെൻസസ് പൂർത്തിയാക്കണം.
യുകെയിലെ പുതിയ നയപരമായ മാറ്റങ്ങളുടെ ഭാഗമായി നിരവധി പ്രവാസികൾക്ക് തൊഴിലും സുരക്ഷിതത്വവും നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യമുണ്ടായിരിക്കുകയാണ്. ഇത്തരത്തിൽ തിരിച്ചെത്തുന്ന പ്രവാസികളെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു