മാധ്യമങ്ങളെ ശത്രു പക്ഷത്താക്കുന്ന പിണറായി വിജയൻറെ ധാർഷ്ട്യത്തിനെതിരെ സിപിഎം കേന്ദ്ര കമ്മിറ്റി നേതാക്കൾ നേരിട്ട് വിശദീകരണം ചോദിക്കും .ഡല്‍ഹിയില്‍ നടന്ന് വരുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിനിടെ മാധ്യമങ്ങളോട് പിണറായി നടത്തിയ രൂക്ഷമായ പ്രതികരണങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കൂടുതല്‍ മങ്ങലേല്‍പ്പിച്ചെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഈ നിര്‍ണ്ണായക ഇടപെടല്‍. ഇത്തരത്തിലുള്ള പരസ്യമായ രോഷപ്രകടനങ്ങള്‍ ഭാവിയില്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് പിണറായിയോട് ആവശ്യപ്പെടാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം.

തിരഞ്ഞെടുപ്പ് തിരിച്ചടിയെത്തുടര്‍ന്ന് പ്രതിപക്ഷ നിരയിലേക്ക് മാറിയ സാഹചര്യത്തില്‍, മാധ്യമങ്ങളെ പൂര്‍ണ്ണമായും അകറ്റിനിര്‍ത്തുന്നത് പാര്‍ട്ടിയുടെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് കേന്ദ്ര നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ സര്‍ക്കാരിന്റെ അഴിമതികളും വീഴ്ചകളും ജനങ്ങളിലേക്ക് എത്തിക്കണമെങ്കില്‍ മാധ്യമങ്ങളെ ചേര്‍ത്തുപിടിച്ചേ മതിയാകൂ. അല്ലാത്തപക്ഷം ഭരണപക്ഷത്തിനെതിരെയുള്ള പോരാട്ടം വഴിയിലുപേക്ഷിക്കേണ്ടി വരുമെന്നും, അതിന് മാധ്യമങ്ങളുമായുള്ള നല്ല ബന്ധം അനിവാര്യമാണെന്നുമാണ് കേന്ദ്ര കമ്മിറ്റിയുടെ പൊതുവികാരം.

ഡല്‍ഹിയില്‍ കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ ഇടവേള വേളയിലാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതിപക്ഷ നേതാവ് പിണറായി വിജയന് കടുത്ത ഭാഷയില്‍ ക്ഷുഭിതനായത്. യോഗത്തിനിടയില്‍ കേരള ഹൗസിലേക്ക് എത്തിയ അദ്ദേഹത്തോട് വിഴിഞ്ഞം വിഷയത്തിലെ പാര്‍ട്ടിയിലെ ഭിന്നതകളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം തേടാന്‍ ശ്രമിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.
‘നിങ്ങളുണ്ടല്ലോ.. ഞാന്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും. വടിയും നീട്ടിപ്പിടിച്ച് നില്‍ക്കേണ്ട കാര്യമില്ല,’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരെ നോക്കി പിണറായി വിജയന് രോഷത്തോടെ പ്രതികരിച്ചത്. മുന്‍പും മാധ്യമങ്ങളോട് സമാനമായ രീതിയില്‍ പെരുമാറിയിട്ടുള്ള പിണറായിയുടെ ഡല്‍ഹിയിലെ ഈ പ്രതികരണം വീണ്ടും രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
നേരത്തെ മുഖ്യമന്ത്രിയായിരുന്ന കാലത്തും ‘കടക്ക് പുറത്ത്’ ഉള്‍പ്പെടെയുള്ള പ്രയോഗങ്ങളിലൂടെ മാധ്യമങ്ങളോട് കടുത്ത അതൃപ്തി കാണിച്ചിട്ടുള്ള നേതാവാണ് പിണറായി വിജയന്. എന്നാല്‍ പാര്‍ട്ടി പ്രതിപക്ഷത്തായ ശേഷവും ഇതേ പെരുമാറ്റം തുടരുന്നത് പാര്‍ട്ടിക്കും അണികള്‍ക്കും ഒരുപോലെ തിരിച്ചടിയാകുന്നു എന്നാണ് വിലയിരുത്തല്‍. ജനങ്ങളിലേക്ക് പാര്‍ട്ടിയുടെ ആശയങ്ങള്‍ എത്തുന്നതില്‍ ഈ ശൈലി വലിയ തടസ്സമാകുന്നുണ്ട്.
പിണറായിയുടെ ഇത്തരം വ്യക്തിഗതമായ രോഷങ്ങളും പെരുമാറ്റ രീതികളും സി.പി.എമ്മിനെ കേരളത്തില്‍ കൂടുതല്‍ തകര്‍ക്കുമോ എന്ന ഭയം സാധാരണ പ്രവര്‍ത്തകര്‍ക്കിടയിലുമുണ്ട്. തോല്‍വിക്ക് ശേഷമുള്ള ഈ ഘട്ടത്തില്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതിന് പകരം മാധ്യമങ്ങളോട് ഏറ്റുമുട്ടുന്നത് ജനങ്ങളില്‍ കൂടുതല്‍ അതൃപ്തി ഉണ്ടാക്കാനേ സഹായിക്കൂ.
ഈ പശ്ചാത്തലത്തിലാണ് പിണറായി വിജയന് വ്യക്തമായ തിരുത്തല്‍ നിര്‍ദ്ദേശങ്ങള്‍ നല്കാന് സി.പി.എം കേന്ദ്ര നേതൃത്വം തയാറെടുക്കുന്നത്. പൊതുസ്ഥലങ്ങളിലും വാര്‍ത്താസമ്മേളനങ്ങളിലും മാധ്യമങ്ങളോട് കൂടുതല്‍ സംയമനത്തോടും സഹിഷ്ണുതയോടും കൂടി പെരുമാറണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കും. പ്രമുഖ കേന്ദ്ര നേതാക്കള്‍ തന്നെ വിഷയത്തില്‍ പിണറായിയുമായി സംസാരിക്കും.
പ്രതിപക്ഷ നേതാവെന്ന പദവിയുടെ ഭാരം ഉള്‍ക്കൊണ്ട് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പോരാടാന്‍ മാധ്യമങ്ങളെ ആയുധമാക്കുകയാണ് വേണ്ടത്. അതിന് പകരം മാധ്യമങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തി പോരാടാന്‍ ശ്രമിച്ചാല്‍ അത് ഭരണപക്ഷത്തിന് മാത്രമേ ഗുണം ചെയ്യൂ എന്ന് പാര്‍ട്ടി വിലയിരുത്തുന്നു.