മന:സാക്ഷിയും മനുഷ്യപ്പറ്റുമുള്ള കേരളാ കോൺഗ്രസ് നേതാവ്. തന്റെ ബോദ്ധ്യത്തിലുള്ള ശരിയുടെ പക്ഷം പിടിക്കാനും പിടിച്ച പക്ഷത്തെ പുതിയ ചാലിലൂടെ ചടുലതയോടെ നയിക്കാനും കഷ്ടപെട്ട വ്യക്തി. എത്തിപ്പെടുന്ന പുതിയ ഇടത്ത് ആളും അർത്ഥവും നിർലോഭം ചെലവഴിക്കാൻ ലുബ്ധില്ലാത്ത പോരാളി. ലക്ഷ്യബോധവും കഠിനാദ്ധ്വാനവും കൈമുതലാക്കി നാടിനും പ്രസ്ഥാനത്തിനും വേണ്ടി നൂറു ശതമാനം ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്നതിനിടയിൽ പത്രത്തിൽ പേരും പടവും വരുത്താൻ വേണ്ടി മാത്രം തത്രപ്പെടുന്നവർക്കിടയിൽ മാറി നിന്ന് മാതൃകയായ നേതാവ്.
വിദ്യാർത്ഥി സംഘടനയായ കെ.എസ്.സിയിലും യുവജന സംഘടനയായ യൂത്ത് ഫ്രണ്ടിലും നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന മത്തച്ചന് പാർട്ടിയിൽ അർഹിക്കുന്നവ നഷ്ടപ്പെട്ടപ്പോഴും ജനപക്ഷത്ത് നിലയുറപ്പിച്ചതു കൊണ്ട് സ്വന്തം വാർഡ് കൈപ്പിടിയിൽ സുരക്ഷിതമായി സൂക്ഷിച്ച് മൂന്ന് പതിറ്റാണ്ടിലേറേ കേരളാ കോൺ ഗ്രസിനുവേണ്ടി യു.ഡി.എഫ് കോട്ടയായി സംരംക്ഷിച്ചപ്പോഴും ജനകീയ വിഷയങ്ങളിൽ സ്വാർത്ഥത തീണ്ടാതെ നിലകൊണ്ട അതുല്യ വ്യക്തിത്വം.
പഞ്ചായത്ത് വൈസ് പ്രസിഡന്റ്, രാമപുരം സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം, തുടങ്ങിയ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്ന മത്തച്ചൻ നിലവിൽ യു.ഡി.എഫ് മണ്ഡലം കൺവീനറും കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാണ്. പിളർന്ന് തളരുന്ന കേരളാ കോൺഗ്രസിൽ അവസാനമുണ്ടായ പിളർപ്പിൽ പി.ജെ ജോസഫ് സാറിനൊപ്പം നിലയുറപ്പിച്ച് യു.ഡി.എഫിനു വേണ്ടി അഹോരാത്രം പണിയെടുത്ത് വിജയം കൊയ്തപ്പോഴും സ്വന്തമായ സ്ഥാനം ഉറപ്പിക്കാനോ നേട്ടങ്ങൾ ഉണ്ടാക്കാനോ ശ്രമിക്കാത്ത മത്തച്ചന്റെ മാന്യത ജനാധിപത്യ പ്രസ്ഥാനത്തിലുള്ളവർക്ക് രാഷ്ട്രീയ വിശുദ്ധിയുടെ പര്യായം തന്നെയാണ്. മത്തച്ചന്റെ പ്രവർത്തന ശൈലി മനസ്സിലാക്കിയ പാർട്ടി ചെയർമാൻ ഈയിടെ അദ്ദേഹത്തെ സംസ്ഥാന ജനറൽ സെക്രട്ടറിയായി നോമിനേറ്റ് ചെയ്ത് അംഗീകരിച്ചു.
കർഷകൻ, വ്യാപാരി, പൊതുപ്രവർത്തകൻ, എന്നി മേഖലകളിലെല്ലാം ശോഭിക്കുമ്പോഴും അവഗണിക്കപ്പെട്ടവർക്കും അശരണർക്കും ആശ്വാസമെത്തിക്കുന്നതിൽ വ്യാപൃതനായിരുന്ന മത്തച്ചന്റെ അകാലവിയോഗം കേരളാ കോൺഗ്രസ് പാർട്ടിക്കും പൊതു സമൂഹത്തിനും വലിയ നഷ്ടമാണ്. വ്യക്തി ബന്ധത്തിന്റെ ഊഷ്മളത കൈമോശം വരാതെ ഉപദേശ നിർദ്ദേശങ്ങളും സഹായ സഹകരണങ്ങളും നൽകി ഒപ്പമുണ്ടായിരുന്ന പ്രിയ സ്നേഹിതാ വിട .🙏 പ്രാർത്ഥനയോടെ ആദരാഞ്ജലികൾ🌹
സന്തോഷ് കാവുകാട്ട്.