Kerala

ടിക്കറ്റ് ചോദിച്ച ടി.ടി.ഇ ചോദിച്ചത്: “നീ വല്ലതും കഴിച്ചോ?” — മനുഷ്യത്വത്തിന്റെ കൈയൊപ്പായി ജിതേന്ദ്ര മിശ്ര എന്ന ടി ടി ഇ

ലക്നൗ: നിയമ പുസ്തകങ്ങൾക്കപ്പുറം മനുഷ്യത്വത്തിന്റെ വലിയൊരു പാഠം തുറന്നുവെച്ച് ഇന്ത്യൻ റെയിൽവേയിലെ ഒരു ടി.ടി.ഇ (ട്രെയിൻ ടിക്കറ്റ് എക്സാമിനർ). മുംബൈയിൽ നിന്നും ലക്നൗവിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത നിർധനനായ യുവാവിനോട് കടുപ്പത്തിൽ നിയമം പറയാതെ, ചേർത്തുപിടിച്ച ടി.ടി.ഇ ജിതേന്ദ്ര മിശ്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും റെയിൽവേ വൃത്തങ്ങളിലും തരംഗമാകുന്നത്.

​റെഗുലർ പരിശോധനയുടെ ഭാഗമായി യുവാവിന്റെ അടുത്തെത്തി ടിക്കറ്റ് ചോദിച്ചപ്പോഴാണ് ഹൃദയഭേദകമായ ആ സംഭവം പുറത്തറിയുന്നത്. ചോദ്യം കേട്ടതും ഭയന്നുവിറച്ച ആ യുവാവ് താൻ നേരിട്ട ക്രൂരതകളുടെ കഥ കണ്ണീരോടെ വിവരിക്കുകയായിരുന്നു.

ഉപജീവനത്തിനായി മുംബൈയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്ന യുവാവിന് അവിടെ ക്രൂരമായ പീഡനങ്ങളാണ് നേരിടേണ്ടി വന്നത്. ചെയ്ത പണിയുടെ കൂലിപോലും നൽകാതെ, ശാരീരികമായി ഉപദ്രവിച്ച് അവിടെനിന്നും ഇറക്കിവിടുകയായിരുന്നു. തന്റെ കൈകളിലെ പൊള്ളലേറ്റ പാടുകളും മുറിവുകളും കാണിച്ച് വിങ്ങിപ്പൊട്ടിയ ചെറുപ്പക്കാരൻ, വിശപ്പടക്കാനും സ്വന്തം നാട്ടിലേക്ക് രക്ഷപെടാനുമാണ് ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയതെന്ന് ടി.ടി.ഇയോട് പറഞ്ഞു.

യുവാവിന്റെ സങ്കടക്കഥ കേട്ട ശേഷം നിയമപ്രകാരമുള്ള പിഴയോ ശിക്ഷയോ ചുമത്തുന്നതിന് പകരം ജിതേന്ദ്ര മിശ്ര ആദ്യമുന്നയിച്ച ചോദ്യം ഏറെ ശ്രദ്ധേയമായിരുന്നു— “നീ വല്ലതും കഴിച്ചോ?”

​കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആഹാരമൊന്നും കഴിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ നിമിഷം, അദ്ദേഹം ഒട്ടും മടിച്ചില്ല. സ്വന്തം കയ്യിൽ നിന്നും പണമെടുത്ത് യുവാവിന് വയറുനിറയെ ഭക്ഷണവും കുടിവെള്ളവും വാങ്ങി നൽകി. തുടർന്ന്, ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനുള്ള ഫൈൻ തുക സ്വന്തം പോക്കറ്റിൽ നിന്ന് അടച്ച്, ലക്നൗവിലേക്ക് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള ടിക്കറ്റും എടുത്തു നൽകി. നാട്ടിലെത്തുന്നതുവരെയുള്ള വഴിചെലവുകൾക്കായി കുറച്ചു പണവും ആ യുവാവിന്റെ കയ്യിൽ ഏൽപ്പിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.​അധികാരവും പദവിയും മനുഷ്യത്വത്തിന് മുകളിലല്ലെന്ന് തെളിയിച്ച ടി.ടി.ഇ ജിതേന്ദ്ര മിശ്രയ്ക്ക് സോഷ്യൽ മീഡിയയിലും പൊതുജനങ്ങൾക്കിടയിലും വലിയ അഭിനന്ദനപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുപോലെയുള്ള മനുഷ്യരാണ് ഈ സമൂഹത്തെ ഇന്നും മനോഹരമായി നിലനിർത്തുന്നത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top