Kerala

ബിജെപി കൗൺസിലറെ അറസ്റ്റ് ചെയ്യുവാൻ പൊലീസിന് ആകാശത്തേക്ക് വെടി വയ്‌ക്കേണ്ടി വന്നു

തിരുവനന്തപുരം: വധശ്രമക്കേസിൽ പ്രതിയായ ബി.ജെ.പി. കൗൺസിലറെ അർധരാത്രിയിൽ വീടുവളഞ്ഞ് അറസ്റ്റ് ചെയ്ത് പോലീസ്. നാടകീയതകൾക്കൊടുവിൽ സംഭവസ്ഥലത്തുവച്ച് വെടിയുതിർത്താണ് സംഘർഷാന്തരീക്ഷത്തിൽ കൗൺസിലറെ കസ്റ്റഡിയിലെടുത്തത്. വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതനെയാണ് ചൊവ്വാഴ്ച രാത്രിയിൽ വട്ടിയൂർക്കാവ് പോലീസ് പിടികൂടിയത്.

കഴിഞ്ഞമാസം വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിൽ സുഗതൻ പ്രതിയായിരുന്നു. ഈ കേസിൽ ഹൈക്കോടതിയിൽനിന്ന് ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ഏഴാം തീയതി ഇയാൾ അന്വേഷണ ഉദ്യോഗസ്ഥനായ വട്ടിയൂർക്കാവ് എസ്.എച്ച്.ഒ.യ്ക്കു മുന്നിൽ കീഴടങ്ങേണ്ടതായിരുന്നു.

എന്നാൽ, സുഗതൻ പോലീസിനുമുന്നിൽ ഹാജരായില്ല. ഇതേത്തുടർന്നാണ് വട്ടിയൂർക്കാവ് പോലീസ് സുഗതനായുള്ള അന്വേഷണം ഊർജിതമാക്കിയത്. സുഗതൻ വട്ടിയൂർക്കാവ് സി.പി.ടി. ജങ്ഷനിലെ വീട്ടിലുണ്ടെന്നറിഞ്ഞ് ചൊവ്വാഴ്ച രാത്രി പോലീസ് സ്ഥലത്തെത്തി. എസ്.എച്ച്.ഒ. വിപിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീടുവളഞ്ഞാണ് അറസ്റ്റിനു ശ്രമിച്ചത്.

സുഗതന്റെ ഭാര്യയുൾപ്പെടെയുള്ളവർ അറസ്റ്റ് നടപടികൾ എതിർത്ത് രംഗത്തെത്തി. തുടർന്ന് സുഗതനെ പിടികൂടാൻ ശ്രമിക്കുമ്പോഴാണ് ബി.ജെ.പി. പ്രവർത്തകരും നാട്ടുകാരിൽ ചിലരും എത്തി പോലീസിനെ തടയാൻ ശ്രമിച്ചത്. ഈ സമയത്താണ് എസ്.എച്ച്.ഒ. വിപിൻ ആകാശത്തേക്ക് വെടിവെച്ച് സ്ഥലത്ത് തടിച്ചുകൂടിയവരെ പിന്തിരിപ്പിച്ചത്.

തുടർന്ന് സുഗതനെ കസ്റ്റഡിയിലെടുത്ത് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. പിന്നീട് കന്റോൺമെന്റ് സ്റ്റേഷനിലെത്തിച്ചു. നേരത്തേതന്നെ പല ക്രിമിനൽ കേസുകളിലും പ്രതിയായിരുന്ന സുഗതൻ റൗഡി ലിസ്റ്റിലുൾപ്പെട്ടിരുന്നു. കാപ്പ ചുമത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ബി.ജെ.പി. സുഗതനെ വാഴോട്ടുകോണത്ത് സ്ഥാനാർഥിയാക്കുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം വട്ടിയൂർക്കാവിൽ പോലീസും ബി.ജെ.പി. പ്രവർത്തകരും തമ്മിൽ പലതവണ സംഘർഷമുണ്ടായിട്ടുണ്ട്.

എസ്.എച്ച്.ഒ. വിപിനെതിരേ ബി.ജെ.പി. വലിയ സമരവം സംഘടിപ്പിച്ചിരുന്നു.ഇതേത്തുടർന്ന് വിപിൻ അവധിയിൽ പ്രവേശിച്ചു. പിന്നീട് അവധി കഴിഞ്ഞെത്തിയപ്പോഴാണ് സുഗതനെതിരേയുള്ള ഹൈക്കോടതി വിധി വരുന്നത്.വട്ടിയൂർക്കാവിൽ വൻ പോലീസ് സന്നാഹത്തോടെയാണ് സുഗതനെ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയത്. വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽനിന്നും എ.ആർ. ക്യാമ്പിൽനിന്നും പോലീസ് എത്തിയിരുന്നു. പോലീസ് വാനിലാണ് സുഗതനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലും പിന്നീട് കൻ്റോൺമെന്റ്റ് സ്റ്റേഷനിലും എത്തിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top