കൊച്ചി: കലൂരില്‍ പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കേസിലെ മുഖ്യപ്രതിയായ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി അക്ബര്‍ അലി പിടിയിലായി. പാലക്കാട് ചെര്‍പ്പുളശേരിയിലുള്ള ഒരു വര്‍ക്ക്ഷോപ്പില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ച് ദിവസമായി അക്ബറിനായി പൊലീസ് ഊര്‍ജിതമായ തിരച്ചില്‍ നടത്തിവരികയായിരുന്നു.

ഇയാള്‍ പാലക്കാട് വിട്ടുപോയിട്ടില്ലെന്ന നിഗമനത്തില്‍ തന്നെയായിരുന്നു പൊലീസ് അന്വേഷണം പുരോഗമിച്ചത്. തുടര്‍ന്ന് വാഹനങ്ങള്‍ രൂപമാറ്റം ചെയ്യുന്ന ചെര്‍പ്പുളശേരിയിലെ ഒരു വര്‍ക്ക്ഷോപ്പില്‍ നിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു.

സ്വന്തം വാഹനം രൂപമാറ്റം വരുത്തി ദൂരേക്ക് കടക്കാന്‍, അല്ലെങ്കില്‍ സംസ്ഥാനം തന്നെ വിടാന്‍ പ്രതി പദ്ധതിയിട്ടിരുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്.