കോട്ടയം :കപ്പിനും ചുണ്ടിനുമിടയിൽ മാണി സി കാപ്പന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടപ്പോൾ അത് സ്വയം കൃതാനർത്ഥമെന്നു പറയേണ്ടതായി വരും .ഒരവസരത്തിൽ കേരളത്തിന്റെ വീരാംഗനയായ കെ ആർ ഗൗരിയമ്മ അരൂരിൽ താൻ എം എൽ എ ആവുമ്പോൾ ജനിച്ചിട്ടുപോലുമില്ലാത്ത ആരിഫിനോട് തോറ്റപ്പോൾ കോൺഗ്രസുകാർ അന്നും പറഞ്ഞു കോൺഗ്രസിനോട് കളിച്ചാൽ ഇങ്ങനെയിരിക്കും .

കോൺഗ്രസ് ബ്ലോക്ക് നേതാക്കളെ പോലും വക വയ്ക്കാതെ കോപിഷ്ടയായി അവരോടു സംസാരിക്കുന്ന ഗൗരിയമ്മയെ പൂട്ടണമെന്ന് അവർ തീരുമാനിച്ചപ്പോൾ എ എ ആരിഫ് എന്ന കൊച്ചു പയ്യൻ അരിവാൾ ചുറ്റികയിൽ അരൂരിൽ വിജയിച്ചു കയറി .ഇക്കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ യു ഡി എഫിന്റെ സ്ഥാനാർത്ഥിയായി മാണി സി കാപ്പൻ മത്സരിക്കാനിറങ്ങുമ്പോൾ വേറെരു തലപ്പാവും അദ്ദേഹത്തിനുണ്ടായിരുന്നു .സ്വതന്ത്രൻ എന്നൊരു തലപ്പാവ് അദ്ദേഹം സ്വയം അണിഞ്ഞു .
അതിനു മുമ്പേ തന്നെ മുൻ കൗൺസിലറും കോൺഗ്രസ് ഡി സി സി നേതാവും ആയ സാബു എബ്രഹാം മാണി സി കാപ്പൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഫേസ്‌ബുക്ക് പോസ്റ്റ് ഇറക്കിയിരുന്നു .ആയിരങ്ങളിലേക്ക് ആ സന്ദേശം ഇറങ്ങി ചെന്നു .പക്ഷെ പിറ്റേ ദിവസം രാവിലെ സാബു അബ്രാഹത്തിനു കെ പി സി സി പ്രസിഡന്റിന്റെ വിളി വന്നു ഇനിമേൽ ഇത്തരം പ്രവർത്തികൾ ചെയ്യരുതെന്ന് .അദ്ദേഹം അന്നോടെ കാര്യങ്ങൾ പറയുന്നത് അവസാനിപ്പിച്ച് മാണി സി കാപ്പനുവേണ്ടി പ്രവർത്തനവും തുടങ്ങി .
ഇത് കൂടാതെ കോൺഗ്രസ് പ്രവർത്തകരുടെ ചങ്ക് പിളർക്കുന്ന ഒരു കളിയും പാലാ മുനിസിപ്പാലിറ്റിയിലെ സ്വതന്ത്ര കൂട്ടായ്മയുടെ ഭാഗത്ത് നിന്നും ഉണ്ടായി .മാണി സി കാപ്പന്റെ അവസാനത്തെ തെരെഞ്ഞെടുപ്പാണിത് എന്നും ഇനി ഞാൻ മത്സരിക്കാനില്ല എന്നും അദ്ദേഹത്തെ കൊണ്ട് പറയിച്ചു .അതിനു ശേഷം ഒരു പ്രചാരണം അഴിച്ചു വിട്ടു മാണി സി കാപ്പന് ശേഷം തങ്ങളിലാരെങ്കിലുമായിരിക്കും യു ഡി എഫ് ബാനറിൽ പാലായിൽ മത്സരിക്കുക എന്ന് .ഈ പ്രചാരണം കൂടി ആയതോടെ കോൺഗ്രസുകാർ ക്ഷമയുടെ നെല്ലിപ്പടി കണ്ടു .
മാണി സി കാപ്പനോടൊപ്പം സ്വതന്ത്ര കൂട്ടായ്മ മെമ്പർ തുറന്ന വാഹനത്തിൽ കൈവീശിയപ്പോൾ അത് തങ്ങളുടെ സാധ്യതകൾക്ക് നേരെയാണ് കൈ വീശിയതെന്നു കോൺഗ്രസുകാർക്കും മനസിലായി .കൂടാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിലെല്ലാം കോൺഗ്രസുകാരെ അടുപ്പിക്കാതെ സ്വതന്ത്ര കൂട്ടായ്മയുടെ മെമ്പറെ കയറ്റിയപ്പോൾ പാലായിലെ കോൺഗ്രസുകാരെ ഒന്നിനും കൊള്ളാത്തവരാണ് എന്നുള്ള പ്രചാരണത്തിന് ചൂട്ട് പിടിക്കുകയാണ് കാപ്പൻ ചെയ്തത് .നഗരസഭാ തെരെഞ്ഞെടുപ്പിൽ മൂന്നാനി വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി റിയയെ പിൻവലിക്കണമെന്ന് വരെ കാപ്പൻ ആവശ്യപ്പെട്ടു .മാളിക മുകളിലേറിയവനെ പ്രീതിപ്പെടുത്താൻ ആണത്രേ .
നിയമസഭാ തെരെഞ്ഞെടുപ്പിൽ പ്രചാരണത്തിലും ഏറെ പിന്നോട്ട് പോയി .അത് പരസ്യമായി പാലാ നിയോജക മണ്ഡലത്തിൽ എല്ലായിടത്തും കാണാമായിരുന്നു .കാപ്പൻ സ്വതന്ത്രനായി മത്സരിച്ചത് തൂക്ക് സഭയാണ് വരുന്നതെങ്കിൽ ചാടി ക്കളിക്കാമായിരുന്നു എന്ന ദുരുദ്ദേശമാണ് ഉണ്ടായിരുന്നതെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ പറയുന്നു .ഡമ്മി സ്ഥാനാർത്ഥിയായി വച്ചത് സ്വന്തം ഭാര്യയെ തന്നെ ആയിരുന്നു .കെ ഡി പി യിൽ നിന്ന് പോലും ആരെയും വിശ്വാസത്തിലെടുത്തില്ല.കോൺഗ്രസ് കേന്ദ്രങ്ങളിലെ വോട്ട് നേട്ടം കൊണ്ടാണ് മാണി സി കാപ്പൻ വിജയിച്ചത് .രാമപുരം ;എലിക്കുളം ;മൂന്നിലവ് ;മേലുകാവ് ;ഭരണങ്ങാനം ,കടനാട് തുടങ്ങിയ പഞ്ചായത്തുകളിലെ കോൺഗ്രസ് മികവ് വോട്ടുകളായി രൂപാന്തരം പ്രാപിച്ചപ്പോഴാണ് മാണി സി കാപ്പൻ പാലായിൽ നിന്നും വിജയിച്ചത് .
നിലപാടുകളുടെ രാജകുമാരനായ വി ഡി സതീശൻ പറഞ്ഞിട്ടുണ്ടായിരിക്കാം മന്ത്രി സഭയിൽ കാപ്പനുണ്ടാകുമെന്ന്.പക്ഷെ അത് കോൺഗ്രസിന്റെ സാദ്ധ്യതകൾ ഇല്ലാതാക്കി കൊണ്ടുള്ള ഒന്നാവരുതെന്നു പാലായിലെ കോൺഗ്രസുകാർക്കും നിർബന്ധമുണ്ട് .കോൺഗ്രസ് പാർട്ടിയുടെ തോളത്ത് കയറിയിരുന്ന് ചെവി കടിച്ചു പറിക്കുന്ന സംവിധാനത്തോട് കോൺഗ്രസ് കാർക്കും താൽപ്പര്യമില്ല .അതുകൊണ്ടു തന്നെ പാലായിലെ കോൺഗ്രസുകാർക്ക് ഇപ്പോഴും വി ഡി സതീശൻ നിലപാടുകളുടെ രാജകുമാരൻ തന്നെയാണ് .
പാലാ നഗരസഭയിലെ ഭരണം കോൺഗ്രസിന് യാതൊരു നേട്ടവും സമ്മാനിക്കുന്നില്ല .സ്വതന്ത്ര കൂട്ടായ്മയുടെ നിയന്ത്രണത്തിലാണ് ഭരണം മുന്നോട്ട് പോകുന്നത് .ഇക്കഴിഞ്ഞ ദിവസം മാണി സി കാപ്പനു നഗരസഭാ സ്വീകരണം നൽകിയപ്പോൾ പ്രതിപക്ഷത്തോട് ആലോചിച്ചിരുന്നില്ല .അതിൽ പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു .കൂടാതെ കോൺഗ്രസുകാരനെ കൊണ്ട് അനുവാദകനാക്കി ഒരു പ്രമേയവും അവതരിപ്പിച്ചു .വിധാൻ സഭ കൊണ്ടുവരണമെന്നുള്ള പ്രമേയം ജോസ് കെ മാണിയെ ഉന്നം വച്ച് കൊണ്ടുള്ളതാണെന്നു എല്ലാവര്ക്കും അറിയാമായിരുന്നെങ്കിലും പല കോൺഗ്രസ് കൗണ്സിലര്മാര്ക്കും അതിൽ പ്രതിഷേധമുണ്ടായിരുന്നു .ഉടൻ തന്നെ കോൺഗ്രസിന്റെ യോഗം കൂടി ചിലയാൾക്കാരുടെ വ്യക്തി വിരോധം തീർക്കാൻ കോൺഗ്രസിനെ ഉപയോഗിക്കേണ്ട എന്ന വാർത്ത മാധ്യമങ്ങൾക്കു നൽകുകയും ചെയ്തു .
മാണി സി കാപ്പന് മന്ത്രി സ്ഥാനം ലഭിക്കാതെ പോകുമ്പോൾ പാലായെ സ്നേഹിക്കുന്നവർക്ക് ദുഖമുണ്ടാവും .പക്ഷെ അതിന്റെ അന്തർധാരകളിലേക്കു കടക്കുമ്പോൾ അത് സ്വയം വരുത്തി വച്ച ദുരന്തമാണെന്നു പറയാതെ വയ്യ .കേരള രാഷ്ട്രീയവും മാറുകയാണ് .പാലായിലെ കോൺഗ്രസുകാർക്ക് ജോസ് കെ മാണിയോട് പണ്ടുണ്ടായിരുന്ന വിരോധമൊന്നും ഇപ്പോഴില്ല .ജോസഫ് ഗ്രൂപ്പിലെ അപു ജോൺ ജോസഫ് എം എൽ എ ജോസ് കെ മാണിയുംകൂട്ടരും കേരള കോൺഗ്രസിലേക്ക് കടന്നു വരണമെന്ന് അഭ്യർത്ഥിച്ചത് ഒന്നും കാണാതെയല്ല .സഭാ പിതാക്കന്മാരുടെ ചർച്ചയുടെ പരിണിത ഫലമാണത് .പാലാ നഗരസഭയിൽ പ്രതിപക്ഷ നേതാവായ ബിജു പാലൂപ്പടവനും ;കോൺഗ്രസിന്റെ പരിണിത പ്രജ്ഞയായ മുതിർന്ന അംഗം ലിസ്സിക്കുട്ടി മാത്യുവും അടുത്തടുത്ത കസേരയിലിരുന്ന് പാലാ നഗരസഭാ യോഗം നിയന്ത്രിക്കുന്നതും അനദി വിദൂര ഭാവിയിൽ കാണേണ്ടതായി വരും .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ