കണ്ണൂര്‍: റാപ്പര്‍ വേടന്റെ പരിപാടിക്കിടെ ധര്‍മ്മശാല ആന്തൂര്‍ നഗരസഭ സ്റ്റേഡിയത്തിലെ ഫ്ളഡ് ലൈറ്റില്‍ കയറി പരിഭ്രാന്തി സൃഷ്ടിച്ച ഉദയഗിരി സ്വദേശിയുടെ പേരില്‍ പൊലീസ് കേസെടുത്തു. ഉദയഗിരി അരിവിളഞ്ഞപൊയിലിലെ പുതുപ്പറമ്പില്‍ സാബു ഡൊമിനിക്കിന്റെ(59)പേരിലാണ് കേസെടുത്തത്. വ്യാഴാഴ്ച്ച രാത്രി 9.45 നായിരുന്നു സംഭവം.

ഹാപ്പിനസ് ഫെസ്റ്റിന്റെ സമാപന പരിപാടിയുടെ ഭാഗമായി ആന്തൂര്‍ നഗരസഭയുടെ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. ആയിരക്കണക്കിനാളുകളാണ് വേടന്റെ പരിപാടി കാണാന്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നത്. ഇതിനിടയിലാണ് സാബു ഡൊമിനിക്ക് ഫ്ളഡ്ലൈറ്റ് ഘടിപ്പിച്ച തൂണിലേക്ക് വലിഞ്ഞുകയറിയത്. ഇതോടെ പ്രേക്ഷകരും വേടനും ഒരുപോലെ പരിഭ്രാന്തിയിലായി. പരിപാടി നിര്‍ത്തിയ വേടന് ചേട്ടാ താഴെ ഇറങ്ങൂവെന്ന് മൈക്കിലൂടെ അഭ്യര്‍ത്ഥിച്ചതൊന്നും സാബു ചെവിക്കൊണ്ടില്ല. മുകളിലേക്ക് കയറി ലൈറ്റിന് സമീപം വരെയെത്തി അഭ്യാസപ്രകടനങ്ങള്‍ തുടങ്ങിയതോടെ അധികൃതര്‍ തൂണിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഇതോടെ പൊലീസും സ്ഥലത്തെത്തി.