Kottayam

ഭരണങ്ങാനത്ത് ഭരണ കക്ഷിയിൽ ചേരിതിരിവ്;വൈസ് പ്രസിഡന്റ് വിനോദ് വേരനാനി രാജി വച്ചു

കോട്ടയം :പാലാ :യുഡിഫ് ഭരിക്കുന്ന ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ഭരണപക്ഷത്ത് തമ്മിലടി. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് വിനോദ് വേരനാനി രാജി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ കയ്യൂരില്‍ പാറമട ആരംഭിക്കുന്നതിനുള്ള നീക്കങ്ങളാണ് പൊട്ടിത്തറിയിലേയ്ക്ക് നയിച്ചത്.

ഉരുള്‍പൊട്ടല്‍ മേഖലയായ കയ്യൂര്‍ മലയില്‍ പാറമടയ്ക്കായി യു. ഡി.എഫിലെ ഒരു പഞ്ചായത്ത് മെമ്പറായ ബീന ടോമിയുടെ പേരീല്‍ രൂപീകരിച്ച കമ്പനി ലൈസന്‍സിനായി അപേക്ഷിച്ചത് പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്യുകയും വലിയ ബഹളത്തിലേയ്ക്ക് നീങ്ങുകയും ചെയ്തിരുന്നു. 7 വര്‍ഷം മുന്‍പ് ഉരുള്‍പൊട്ടല്‍ ഉണ്ടായ ഈ മലയില്‍ തന്നെയാണ് കഴിഞ്ഞ ആഴ്ചയും ഉരുള്‍പൊട്ടിയത്. ക്വാറി മാഫിയയുടെ സ്വാധീനത്തില്‍ പഞ്ചായത്ത് വികസനപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ യുഡിഎഫ് എല്‍ഡിഎഫ് ശ്രമം നടക്കുന്നതായി ആരോപിച്ചാണ് വിനോദ് രാജി പ്രഖ്യാപിച്ചത്. ജനുവരി 31ന് പാറമട ലൈസന്‍സിനായി അപേക്ഷിക്കുകയും ഫെബ്രുവരി ഒന്നാം തീയതി കൂടിയ കമ്മറ്റി വിനോദിന്റെയും കയ്യൂരിലെ വാര്‍ഡ് മെംബറുടെയും എതിര്‍പ്പിനെ അവഗണിച്ച് പാസാക്കുകയും ചെയ്തിരുന്നു. ഭരണപ്രതിപക്ഷ അംഗങ്ങളെ പണം നല്കി സ്വാധീനിച്ചാണ് തീരുമാനമെടുത്തതെന്ന് വിനോദ് ആരോപിച്ചു.

സ്വതന്ത്രനായി മല്‍സരിച്ച് വിജയിച്ച് എല്‍ഡിഎഫിനെ പിന്തുണച്ചിരുന്ന വിനോദ് 2022-ലാണ് യുഡിഎഫ് അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്ത് മറുകണ്ടം ചാടിയത്. തുടര്‍ന്ന് വൈസ് പ്രസിഡന്റ് സ്ഥാനവും ചൂണ്ടച്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനവും ലഭിച്ചു. കഴിഞ്ഞ ജൂലൈയില്‍ നടന്ന ബാങ്ക് തെരഞ്ഞെടുപ്പ് മുതല്‍ അസ്വാരസ്യങ്ങള്‍ ആരംഭിച്ചിരുന്നു. പാറമടയ്ക്ക് നീക്കം നടത്തുന്ന വാര്‍ഡ് മെംബറുടെ ഭര്‍ത്താവായ മുന്‍ മണ്ഡലം പ്രസിഡന്റും നിലവിലെ ബാങ്ക് പ്രസിഡന്റുമായ ടോമിയ്ക്കെതിരെ ആരോപണങ്ങളുയര്‍ത്തിയാണ് വിനോദിന്റെ രാജി. വിനോദ് യുഡിഎഫില്‍ തുടരാനുള്ള സാധ്യത കുറവാണ്.

എല്‍.ഡി.എഫ്. യു.ഡി.എഫ്, ഭേദമില്ലാതെ ഈ പഞ്ചായത്ത് മെമ്പര്‍മാര്‍ ക്വാറി ലോബികളുടെ ചട്ടുകമായി ആണ് പ്രവര്‍ത്തിക്കുന്നതെന്നും പഞ്ചായത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ജനപ്രതിനിധികള്‍ പണത്തിന് വേണ്ടി ക്വാറി മാഫിയായുടെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് പഞ്ചായത്ത് മെമ്പര്‍മാരായി പ്രവര്‍ത്തിക്കുന്നതെന്നും വിനോദ് ആരോപിച്ചു. ഈ മെമ്പര്‍മാരുടെ രാഷ്ട്രീയ നേതൃത്വത്തിനും ഈ അഴിമതിയില്‍ പങ്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്‍ മണ്ഡലം പ്രസിഡന്റ് യു.ഡി.എഫ്. നേതാക്കളെ ഇലക്ഷന്‍ പ്രചരണ പരിപാടികളില്‍ പങ്കെടുപ്പിക്കാതിരിക്കുന്നതിനുള്ള ഗൂഢശ്രമം നടത്തുകയും വിഭാഗീയത ഉണ്ടാക്കുകയും ചെയ്തതായും വേരനാനി ആരോപിച്ചു. കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി നിരന്തരം ബന്ധപ്പെട്ട് യു.ഡി.എഫ്. ചേരിയില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതിനും ഘടകകക്ഷികളെ പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്നതിന് തടസ്സം പറയുകയും ചെയ്തു. ഭരണങ്ങാനം മണ്ഡലത്തിലെ തന്നെ നിരവധി നേതാക്കളെ അകറ്റി നിര്‍ത്തുന്നതിനുള്ള ശ്രമം നടത്തുകയും, സാധിക്കാതെ വന്ന സാഹചര്യത്തില്‍ ഇലക്ഷന്‍ പ്രവര്‍ത്തനത്തില്‍ നിന്നും അവസാന നിമിഷം മാറി നില്‍ക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ചൂണ്ടച്ചേരി ബാങ്ക് ഇലക്ഷനിലും തന്റെ കൂട്ടത്തില്‍ മത്സരിച്ച പല സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ട് നല്‍കരുതെന്നും തനിക്ക് മാത്രമായി വോട്ട് നല്‍കണം എന്ന് പറഞ്ഞത് കൂട്ടത്തില്‍ മത്സരിച്ച ഘടകകക്ഷി നേതാവ് കേള്‍ക്കുകയും ചെയ്തിട്ടുള്ളതാണ്.

ക്വാറി മാഫിയായുടെ സ്വാധീനത്താല്‍ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ യു.ഡി.എഫ്.-എല്‍.ഡി.എഫ്. വ്യത്യാസം ഇല്ലാതെ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ചാണ്  ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജി വച്ചതെന്നും  വേരനാനി വ്യക്തമാക്കി. പ്രസിഡന്റിനെയും പുറത്താക്കാനും അതുവഴി പ്രസിഡന്റ് പദവിയിലെത്താനുള്ള നീക്കങ്ങള്‍ ചിലര്‍ അണിയറയില്‍ നടത്തുന്നുണ്ടെന്നും വേരനാനി ആരോപിച്ചു. ചൂണ്ടച്ചേരി ബാങ്ക് വൈസ് പ്രസിഡന്റ് സെന്‍ തേക്കുംകാട്ടില്‍, മുന്‍ പഞ്ചായത്തംഗം വി.കെ ഷാജിമോന്‍, കെഡിപി പാലാ നിയോജകമണ്ഡലം സെക്രട്ടറി ജോയി മലയില്‍, ഭരണങ്ങാനം മണ്ഡലം സെക്രട്ടറി റ്റിബിന്‍ തോമസ് എന്നിവരും വിനോദ് വേരനാനിയോടൊപ്പം സന്നിഹിതരായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top