Kerala

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ കോട്ടയം ജില്ലയിൽ ‘പ്രഥമം പ്രതിരോധ’ത്തിനു തുടക്കമായി

 

കോട്ടയം: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ‘പ്രഥമം പ്രതിരോധം’ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കോട്ടയം ചിന്മയ വിദ്യാലയയിൽ നടന്ന ജില്ലാതല സമ്മേളനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എൻ. പ്രിയ ഉദ്ഘാടനം ചെയ്തു.
ജില്ലാ രോഗ നിരീക്ഷണ ഓഫീസർ ഡോ: ജെസി ജോയ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ: വ്യാസ് സുകുമാരൻ, ചിന്മയ വിദ്യാലയ പ്രിൻസിപ്പൽ ഗീത ദേവി വർമ, ജില്ല മാസ്് മീഡിയ ഓഫീസർ ഡോമി ജോൺ, ജനറൽ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ ശശിലേഖ വി.എസ്, ടെക്‌നിക്കൽ അസിസ്റ്റന്റ് ഗോപാലൻ ഇ.കെ, എന്റമോളജിസ്‌റ് സി. സതീഷ്‌കുമാർ, സി.ഡി.എസ് അംഗം അൽഫോൻസാ അലക്‌സ്, റെസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധി ജോൺ കുര്യൻ തുടങ്ങയവർ സംസാരിച്ചു.

കോട്ടയം മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. സൈറു ഫിലിപ്പ് സെമിനാറിന് നേതൃത്വം നൽകി. കോട്ടയം എസ്.എച്ച് സെന്റർ നഴ്‌സിംഗ് വിദ്യാർത്ഥിനികൾ ബോധവൽക്കരണ കലാപരിപാടി അവതരിപ്പിച്ചു.എലിപ്പനി, ജലജന്യരോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം, കൊതുകു ജന്യരോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ, വായുജന്യ രോഗങ്ങളായ എച്ച്1.എൻ1 ഇൻഫ്‌ളുൻസ എന്നിവ പ്രതിരോധിക്കാൻ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണമെന്നു ഡി.എം.ഒ അഭ്യർത്ഥിച്ചു.

മഞ്ഞപ്പിത്തം, വയറിളക്കം എന്നിവ പ്രതിരോധിക്കുന്നതിന് പൊതു സ്വകാര്യ കിണറുകൾ ഉൾപ്പെടെ എല്ലാ കുടിവെള്ള സ്രോതസുകളും ക്ലോറിനേറ്റ് ചെയ്യുന്ന പരിപാടി തിങ്കളാഴ്ച (മേയ് 27) നടന്നു. ചൊവ്വയും (മേയ് 28) തുടരും. പൊതു കിണറുകൾ അണുനശീകരണം നടത്താൻ ആരോഗ്യ പ്രവർത്തകർക്കും ആശാപ്രവർത്തകർക്കും വേണ്ട സഹകരണം നൽകണം.

ജൂൺ 1,3,4 തീയതികളിൽ കർഷകത്തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, ക്ഷീര കർഷകർ, മീൻ പിടിക്കുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി മലിനജല സമ്പർക്കം പുലർത്തുന്നരുടെ വീട്ടിലെത്തി ഒരു മാസം കഴിക്കേണ്ട എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിൻ വിതരണം നടത്തും. തൊഴിലുറപ്പു തൊഴിലാളികൾ, മുനിസിപ്പൽ ശുചീകരണ തൊഴിലാളികൾ, എന്നിവർ ഗുളിക നിർബന്ധമായും ഗുളിക കഴിക്കണം.

മേയ് 29, ജൂൺ 5,12,19 തീയതികളിൽ സ്‌കൂളുകളിൽ ഉറവിട നിർമ്മാർജ്ജനം നടത്തും. വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുന്നതിൻറെ പ്രാധാന്യം, ഓ.ആർ.എസ് ലായിനി തയ്യാറാക്കുന്ന വിധം എന്നിവ സംബന്ധിച്ച് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ സംഘടിപ്പിക്കും. മേയ് 30, ജൂൺ 6,13,20 തീയതികളിൽ ഓഫീസുകൾ, കടകൾ എന്നിവ കേന്ദ്രീകരിച്ച് കൊതുക് ഉറവിട നിർമാർജ്ജനം നടത്തും. മേയ് 31, ജൂൺ 7,14,21 തീയതികളിൽ വീടുകളിൽ കുടുംബശ്രീ ആരോഗ്യ വോളന്റീയർമാരുടെ സേവനം കൂടി ഉറപ്പാക്കിക്കൊണ്ട് ആശാ, അങ്കണവാടി, ആരോഗ്യപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഉറവിട നിർമ്മാർജനം നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top