Kerala

18 വർഷത്തിന് ശേഷം നീതി തെളിയുന്നു: യഥാർഥ മഞ്ഞുമ്മൽ ബോയ്‌സിനെ ​ദ്രോ​​ഹിച്ച പൊലീസുകാർ കുടുങ്ങും

യഥാർഥ മഞ്ഞുമ്മൽ ബോയ്‌സിനെ ​ദ്രോ​​ഹിച്ച പൊലീസുകാർ കുടുങ്ങും. അന്വേഷണത്തിന് ഡിജിപിക്ക് നിർദ്ദേശം നൽകി തമിഴ്‌നാട് ആഭ്യന്തരസെക്രട്ടറി.സിനിമ കേരളത്തിലും തമിഴ്നാട്ടിലും വൻ ​ഹിറ്റായതിന് പിന്നാലെ യഥാർഥസംഭവത്തിൽ മഞ്ഞുമ്മൽ സ്വദേശികളായ യുവാക്കളെ മർദ്ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത പൊലീസുകാരെ കുറിച്ച് അന്വേഷിക്കാൻ തമിഴ്നാട് ആഭ്യന്തരസെക്രട്ടറി പി. അമുദ തമിഴ്‌നാട് ഡി.ജി.പി.യോട് നിർദേശിക്കുകയായിരുന്നു. സംഭവം നടന്ന് 18 വർഷങ്ങൾക്ക് ശേഷമാണ് അന്വേഷണം എന്ന പ്രത്യേകതയുമുണ്ട്.

മലപ്പുറം സ്വദേശിയും റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി മുൻ അംഗവുമായ വി. ഷിജു എബ്രഹാം തമിഴ്‌നാട് ആഭ്യന്തരസെക്രട്ടറിക്ക് നൽകിയ പരാതിയിലാണ് നടപടി. യഥാർഥ നായകനായ സിജുവിനോട് സംസാരിച്ചതിനെത്തുടർന്നാണ് ഷിജു എബ്രഹാം പരാതി നൽകാൻ തീരുമാനിച്ചത്. തമിഴ്‌നാട്ടിലെ കോൺഗ്രസ് നേതാവുകൂടിയായ ഷിജു എബ്രഹാം 2020-ൽ മധുര ഹൈവേയിൽ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ കൊള്ളയടിച്ച സംഭവത്തിലും ഇടപെട്ടിരുന്നു. അന്ന് അദ്ദേഹത്തിന്റെ പരാതി സ്വീകരിച്ച ഡി.ജി.പി. ജെ.കെ. ത്രിപാഠി കവർച്ചക്കാർക്കെതിരേ കടുത്ത നടപടിയാണെടുത്തത്.ഗൗരവമായി അന്വേഷിക്കണമെന്നും നടപടി പരാതിക്കാരനെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

എറണാകുളം മഞ്ഞുമ്മലിൽനിന്ന് 2006-ൽ ഒരുസംഘം യുവാക്കൾ കൊടൈക്കനാൽ സന്ദർശിക്കാൻപോകവെ അതിലൊരാൾ ഗുണാ കേവ് എന്നറിയപ്പെടുന്ന ഗുഹയിൽ വീണുപോവുകയായിരുന്നു. അങ്കലാപ്പിലായ ചെറുപ്പക്കാർ കൊടൈക്കനാൽ പോലീസ് സ്റ്റേഷനിൽച്ചെന്ന് സഹായമഭ്യർഥിച്ചു. സിനിമയിൽ പിന്നീട് കാണുന്ന രംഗം പോലീസുകാർ അവരെ ക്രൂരമായി മർദിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതുമായിരുന്നു. മർദിച്ചതിനുപുറമേ പണം തട്ടിയെടുത്തു. ഒരു പോലീസുകാരനെമാത്രം കൂടെ പറഞ്ഞയച്ചു. 120 അടിയോളം ആഴമുള്ള ഗുഹയിൽ സിജുതന്നെയാണ് ഇറങ്ങിയത്. ഈ സാഹസികതയാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയുടെ അടിസ്ഥാനപ്രമേയം. രക്ഷാപ്രവർത്തകനായ മഞ്ഞുമ്മൽ സ്വദേശി സിജുവിനെ രാഷ്ട്രം ജീവൻരക്ഷാ പതക് നൽകി ആദരിക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top