Kerala

ഇലക്ട്രിക് എയര്‍ ബ്ലോവര്‍ ഉപയോഗിച്ച് മലദ്വാരത്തില്‍ കാറ്റടിച്ച് കയറ്റിയതിനെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു

ബെംഗളൂരു: ഇലക്ട്രിക് എയര്‍ ബ്ലോവര്‍ ഉപയോഗിച്ച് മലദ്വാരത്തില്‍ കാറ്റടിച്ച് കയറ്റിയതിനെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. വിജയപുര സ്വദേശിയായ യോഗിഷ്(24) ആണ് സുഹൃത്തിന്റെ അതിരുവിട്ട തമാശയില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ യോഗിഷിന്റെ സുഹൃത്ത് മുരളി(25)യെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു സാംബികഹള്ളിയിലെ ബൈക്ക് സര്‍വീസ് സെന്ററില്‍വെച്ചാണ് യോഗിഷിന്റെ മലദ്വാരത്തിലേക്ക് എയര്‍ബ്ലോവര്‍വെച്ച് സുഹൃത്ത് അതിക്രമം കാട്ടിയത്. ഇതിനുപിന്നാലെ യോഗിഷ് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.

വിജയപുര സ്വദേശിയായ യോഗിഷ് ബെംഗളൂരുവില്‍ ഡെലിവറി ഏജന്റായി ജോലിചെയ്തുവരികയാണ്. പ്രതിയായ മുരളി സാംബികഹള്ളിയിലെ ബൈക്ക് സര്‍വീസ് സെന്ററിലെ ജീവനക്കാരനാണ്. തിങ്കളാഴ്ച രാവിലെ തന്റെ ബൈക്ക് കഴുകാനായാണ് യോഗിഷ് സുഹൃത്തിന്റെ സര്‍വീസ് സെന്ററിലെത്തിയത്. വാഹനം കഴുകിയശേഷം യോഗിഷും മുരളിയും വാഹനത്തിലെ ജലാംശം നീക്കാന്‍ ഉപയോഗിക്കുന്ന എയര്‍ ബ്ലോവര്‍ ഉപയോഗിച്ച് കളിക്കാന്‍ തുടങ്ങി.

ആദ്യം യോഗിഷിന്റെ മുഖത്തിന് നേരെയാണ് മുരളി എയര്‍ ബ്ലോവര്‍ പ്രയോഗിച്ചത്. പിന്നാലെ പിന്‍ഭാഗത്തും ബ്ലോവര്‍വെച്ച് അതിക്രമം കാട്ടുകയായിരുന്നു. മലദ്വാരത്തില്‍ ബ്ലോവര്‍വെച്ചതോടെ അതിശക്തിയില്‍ ചൂടുള്ള കാറ്റ് ശരീരത്തിനുള്ളിലേക്കെത്തി. ഇതിനുപിന്നാലെ വയറുവീര്‍ക്കുകയും യോഗിഷ് കുഴഞ്ഞുവീഴുകയുമായിരുന്നു.

തളര്‍ന്നുവീണ യുവാവിനെ സുഹൃത്ത് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, അതിശക്തിയില്‍ കാറ്റ് കയറിയതിനാല്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ പരിക്ക് സംഭവിച്ചതായി ഡോക്ടര്‍ അറിയിച്ചു. യുവാവിനെ അടിയന്തര ശസ്ത്രക്രിയക്കും വിധേയനാക്കി. എന്നാല്‍, ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയോടെ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top