Kerala

അവനോൻ  അവനവനായി തീരുവാൻ സംഗീത ഉപാസനയ്ക്കു കഴിയും:സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ

കൽപ്പാന്തകാലത്തോളം
കാതരേ നീയെൻ മുന്നിൽ 
കലഹാര ഹാരവുമായ് നിൽക്കും 

കല്യാണ രൂപനാകും കണ്ണന്റെ കരളിനെ 
കവർന്ന രാധികയെ പോലെ 
കണ്ണടച്ചാലുമെന്റെ കൺമുന്നിലൊഴുകുന്ന
കല്ലോലിനിയല്ലോ നീ 
കന്മദ പൂവിടർന്നാൽ കളിവിരുന്നൊരുക്കുന്ന 
കസ്‌തൂരി മാനല്ലോ നീ

പാലാ :1976 ൽ  വിദ്യാധരൻ മാഷ് രചിച്ച കൽപ്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ…കലഹാര ഹാരവുമായ് നിൽക്കും എന്ന നിത്യവസന്തഗാനം ചലച്ചിത്ര സംഗീത സംവിധായകൻ വിദ്യാധരൻ മാഷിന്റെ കണ്ഠനാളത്തിൽ നിന്നും ഉതിർന്നു വീണപ്പോൾ പാലാ സെന്റ് തോമസ് കോളേജിൽ പഠിച്ചിറങ്ങിയ  പഴയ തലമുറയും;പുതിയ തലമുറയും അവാച്യമായ ഒരു അനുഭൂതിയിൽ ലയിച്ചിരുന്നു.

മരിച്ചാലും മറക്കാത്ത മലയാള ഗാന ശാഖയിലെ മുത്തുകൾ ഒന്നൊന്നായി വിദ്യാധരൻ മാഷിന്റെ കണ്ഠനാളത്തിൽ നിന്നും അനർഗളം പ്രവഹിച്ചപ്പോൾ സദസ്യര്ക്കും കർണ്ണാമൃതമായി.പാലാ സെന്റ് തോമസ് കോളേജ് അലുംനി അസോസിയേഷന്റെ വാർഷിക പൊതുയോഗവും ;അവാർഡ് സമർപ്പണവും ഉദ്‌ഘാടനം ചെയ്യാനെത്തിയ വിദ്യാധരൻ മാഷ് സംഗീത ലോകത്തേക്ക് ഊളിയിട്ടപ്പോൾ പുത്തൻ അനുഭൂതികളിലേക്കു അനുവാചകരെ കൊണ്ടുപോയി .

മാതാ പിതാ ഗുരു ദൈവം എന്നാണ് പ്രമാണം.മാതാ പിതാക്കൾ കഴിഞ്ഞാൽ ഗുരുക്കന്മാരും അത് കഴിഞ്ഞാൽ ദൈവവും ആയിരിക്കണം മനുഷ്യൻ സ്നേഹിക്കേണ്ടതും ,അനുസരണപ്പെടേണ്ടതും എന്ന് വിദ്യാധരൻ മാഷ് പറഞ്ഞപ്പോൾ സദസ്സിനതൊരു പുത്തൻ ഗുണപാഠം  ആവുകയായിരുന്നു. ഗുരുവും  ,ദൈവവും ഒന്നിച്ച്  വന്നാൽ ആദ്യം ഗുരുവിനെയാണ് വണങ്ങേണ്ടത് .അതിനു ശേഷമാകണം ദൈവത്തെ വണങ്ങേണ്ടത് .എങ്കിലേ മനസ് ശുദ്ധമാവൂ .നല്ലതു ചെയ്യാനാണ് നമ്മൾ ശ്രമിക്കേണ്ടത്.എനിക്ക് പറ്റാത്തത് മറ്റുള്ളവർ ചെയ്യരുത് എന്നി നിഷ്ക്കര്ഷിക്കരുത്.തനിക്കു ചെയ്യാൻ പറ്റാതിരുന്നത് മറ്റുള്ളവർ ചെയ്യുമ്പോളാണ് ,അതിനവരെ സഹായിക്കുമ്പോഴാണ് മഹത്വവും ;ഗുരുത്വവും ഉണ്ടാവുന്നത് .സംഗീതത്തിന് ജീവിതത്തെ മാറ്റി മറിക്കാൻ സാധിക്കും.അവനോൻ  അവനവനായി തീരുവാൻ സംഗീത ഉപാസനയ്ക്കു കഴിയും എന്നും ചലച്ചിത്ര സംഗീത  സംവിധായകൻ വിദ്യാധരൻ മാഷ് കൂട്ടിച്ചേർത്തു .ഗുരു പരമ്പരകളുടെ പുണ്യമാണ് തന്നെ സംഗീതരംഗത്ത് ഏഴ് പതിറ്റാണ്ടായി നിലനിർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗുരുക്കന്മാർക്കും ശിഷ്യന്മാർക്കും പേരുകേട്ട സെൻ്റ് തോമസ് കോളേജിൽ വരാനായത് ഒരു പുണ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.


യോഗത്തിൽ മോൺ ജോസഫ് കുരീത്തടം അവാർഡ് മികച്ച ‘ സംരംഭകനായ ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ മാനേജിംഗ് ഡയറക്ടർ ശ്രീ സെബാസ്റ്റ്യൻ ജോർജ് വിദ്യാധരൻ മാസ്റ്ററിൽ നിന്ന് ഏറ്റുവാങ്ങി. അഗസ്റ്റിൻ തോമസ് കുന്നത്തേടം ട്രസ്റ്റ് ഏർപ്പെടുത്തിയ മോൺ ഇമ്മാനുവേൽ മേച്ചേരിക്കുന്നേൽ അവാർഡ് മുൻ അലുംനി പ്രസിഡൻ്റും താലൂക്ക് ഹോസ്പിറ്റൽ മുൻ സൂപ്രണ്ടുമായിരുന്ന ഡോ. മുരളീധരൻ നായർക്ക് കോളേജ് മാനേജർ മോൺ. റവ ഡോ. ജോസഫ് തടത്തിൽ സമ്മാനിച്ചു. പ്രശസ്ത ചിന്തകനും പണ്ഡിതനുമായ റവ.ഡോ. കെ.എംജോർജ് ജോർജ് ജോസഫ് കൊട്ടുകാപ്പള്ളി അനുസ്മരണ പ്രഭാഷണം നടത്തി.

മുൻസിപ്പൽ ചെയർമാനും പൂർവവിദ്യാർത്ഥിയുമായ ശ്രീ ഷാജു തുരുത്തനെ പ്രിൻസിപ്പൽ പൊന്നാട അണിയിച്ച് ആദരിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഡോ. ഡേവിസ് സേവ്യർ, ഡോ.സാൽവിൻ കാപ്പിലിപ്പറമ്പിൽ, ഡോ. സാബു ഡി. മാത്യു, പ്രസിഡൻ്റ് ഡിജോ കാപ്പൻ ട്രഷറർ ഡോ.സോജൻ പുല്ലാട്ട്, പൂഞ്ഞാർ വിജയൻ, നയന തോമസ് അലക്സ് മേനാം പറമ്പിൽ, മുൻസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top