കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി “അറിവ്’ എന്ന പേരിൽ പരിശീലന പദ്ധതി ആരംഭിച്ചു. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് കേസ് അന്വേഷണത്തിനുള്ള പ്രാഗല്ഭ്യം വർദ്ധിപ്പിക്കുന്നതിനും, കേസ് ഡയറി എഴുതി തയ്യാറാക്കുന്നതിനുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിനുമാണ് പരിശീലന പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഓരോ സബ് ഡിവിഷനിൽ നിന്നും രണ്ടു പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി 18 ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പദ്ധതി നടത്തുന്നത്.
കുമരകം പോലീസ് ട്രെയിനിങ് സെന്ററിൽ രാവിലെ പത്തിന് ആരംഭിച്ച പരിശീലന പദ്ധതിയുടെ ഉദ്ഘാടനം എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ടാ വിമലാദിത്യ ഐ.പി.എസ് ഓൺലൈനിലൂടെ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് അധ്യക്ഷത വഹിച്ചു. സിവിൽ പോലീസ് ഓഫീസർ,സീനിയർ സിവിൽ പോലീസ് ഓഫീസർ എന്നിവരെയാണ് ഈ പരിശീലന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ പരിശീലനപദ്ധതിക്ക് വേണ്ട സാമ്പത്തിക സഹായം നൽകുന്നത് കോട്ടയം ജില്ലാ പോലീസ് സൊസൈറ്റിയാണ്. അഡീഷണൽ എസ്.പി വി.സുഗതൻ, എം.കെ മുരളി ((ഡി.വൈ.എസ്പി കോട്ടയം), പ്രേംജി കെ.നായർ ( പ്രസിഡന്റ്, കോട്ടയം പോലീസ് സൊസൈറ്റി), എം.എസ് തിരുമേനി ( കെ.പി.ഓ.എ സെക്രട്ടറി കോട്ടയം ), ബിനു കെ. ഭാസ്കർ ( കെ.പി.എ പ്രസിഡന്റ് കോട്ടയം ) തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.