കൊച്ചി: റിപ്പോർട്ടർ ടിവി മേധാവിയുടെ വീട്ടിൽ നിന്ന് 67ലിറ്റർ മദ്യം പിടിച്ചെടുത്തതിനെ കുറിച്ച് പ്രതികരിച്ച് അറസ്റ്റിലായ ആന്റോ അഗസ്റ്റിൻ. താൻ മദ്യപിക്കുന്ന ആളല്ല, ജീവിതത്തിൽ മദ്യപിച്ചിട്ടില്ല.

മദ്യവുമായി ബന്ധപ്പെട്ട കേസ് എന്താണെന്ന് അറിയില്ല. വീട്ടിൽ അനധികൃതമായി സൂക്ഷിച്ച മദ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ അതിനെക്കുറിച്ച് അറിയില്ലെന്നാണ് ആന്റോ അഗസ്റ്റിൻ പ്രതികരിച്ചത്.

മെസ്സി സ്പോൺസർഷിപ്പ് കേസിൽ പോലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കഴിഞ്ഞു. എക്സൈസുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് എന്നും അദ്ദേഹം പ്രതികരിച്ചു.അഗസ്റ്റിൻ സഹോദരങ്ങളുടെ വയനാട്ടിലെ വീട്ടിൽ ബുധനാഴ്ച നടത്തിയ റെയ്ജിൽ 67 ലിറ്ററിലധികം മദ്യം എക്സൈസ് സംഘം പിടിച്ചെടുത്തിരുന്നു.
43 ലിറ്റർ വിദേശനിർമിത വിദേശമദ്യം, 4.824 ലിറ്ററോളം വിദേശനിർമിത വിദേശവൈൻ, അഞ്ചരലിറ്റർ കേരള നിർമിത വൈൻ, 860 മില്ലി ലിറ്റർ മിലിട്ടറി മദ്യം എന്നിവ ഉൾപ്പെടെയാണിത്.ഒരാൾക്ക് കൈവശം വെക്കാവുന്നതിലും കൂടുതൽ മദ്യമാണ് കണ്ടെത്തിയത്. വീട്ടുടമസ്ഥൻ ആന്റോ അഗസ്റ്റിനെതിരേ അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് കല്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ പറഞ്ഞു.

കാരാപ്പുഴ റിസർവോയറിന് സമീപത്തെ മൂങ്ങനാനിയിൽ വീട്ടിൽ ബുധനാഴ്ച രാവിലെ 11-ഓടെ പ്രത്യേക പോലീസ് അന്വേഷണം നടത്തിയ പരിശോധനയ്ക്കിടെയാണ് മദ്യശേഖരം കണ്ടെത്തിയത്.എസ്.ഐ.ടി. അറിയിച്ചതിനെത്തുടർന്ന് എക്സൈസ് സംഘം വീട്ടിലെത്തി. രാത്രി 10.10-ഓടെയാണ് അവർ പരിശോധനയും നടപടി ക്രമങ്ങളും പൂർത്തിയാക്കി മടങ്ങിയത്.