കോട്ടയം :ജോണി നെല്ലൂരിന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുടരുകയാണ്.സത്യം എന്ന് പറഞ്ഞാൽ എം എൽ എ സ്ഥാനമെന്നാണ് ജോണി നെല്ലൂരിന്റെ നിഘണ്ടുവിൽ.സത്യം സത്യം തേടി അലയാൻ തുടങ്ങിയിട്ട് വര്ഷം 72 ആയി.ഇതിനിടയിൽ മൂന്ന് തവണ മൂവാറ്റുപുഴയിൽ നിന്നും സത്യം ലഭിച്ചു.പിന്നീട് അങ്കമാലിയിൽ ചെന്ന് സത്യം തേടിയെങ്കിലും ലഭിച്ചില്ല.
തുടർന്ന് സത്യം തേടുന്ന കാര്യത്തിൽ ടി എം ജേക്കബ്ബിന്റെ മകൻ അനൂപ് ജേക്കബ്ബ് വേണ്ടവണ്ണം സഹായിച്ചില്ലെന്ന പരാതി ഉയർത്തി.അങ്ങനെ വാ വിട്ടു കരഞ്ഞപ്പോഴാണ് യു ഡി എഫ് ചെയർമാൻ എന്നൊരു സ്ഥാനം കൈയിൽ വച്ച് കൊടുത്തത്.അതുകൊണ്ടു കുറേക്കാലം കരച്ചില് നിർത്തി അടങ്ങി ഒതുങ്ങി ഇരുന്നു.സ്വന്തം കാറും ഡീസലും അത് എത്ര കാലമെന്നാ സഹിക്കുക.യു ഡി എഫ് ചെയർമാൻ സ്ഥാനത്തിന് ടി എ യും ;ഡി എ യുമൊന്നുമില്ലേ എന്ന് കെ പി സി സി ആഫീസിൽ ചെന്നൊരു ചോദ്യം ചോദിച്ചതെ ഓർമ്മയുള്ളൂ.അവിടുന്ന് കിട്ടിയ മറുപടി കരമനയാറ്റിൽ കുളിച്ചാൽ പോലും കറ മാറില്ല .
ഉടനെ തുടങ്ങി സത്യാന്വേഷണ പരീക്ഷണം.ഒടുവിൽ തൊടുപുഴയിലെ പാലത്തിനാൽ വീട്ടിൽ ചെന്നൊരു ചർച്ച നടത്തി കഴിഞ്ഞപ്പോൾ പറഞ്ഞു എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന്.കർഷക രക്ഷ പി ജെ ജോസെഫിലൂടെ മാത്രമേ നടക്കൂ എന്ന് വച്ചങ്ങു കാച്ചി.കൊച്ചിയിൽ ഒരു ലയന സമ്മേളനവും വിളിച്ചു.ലയന സമ്മേളനം എന്ന് പറഞ്ഞാൽ ആ സ്റ്റേജ് കണ്ടാൽ തന്നെ ഞെട്ടി പോകും.ഒരു നിരയിൽ 35 പേർ ഇരിക്കാവുന്ന സ്റ്റേജ്;അങ്ങനെ നാല് നിര 140 പേർ.ഓരോ ജില്ലാ പ്രസിഡന്റിന്റെ പേര് വിളിക്കുമ്പോഴും 35 വയസിൽ താഴെയുള്ള 14 പേർ മാറി മാറി എഴുന്നേറ്റു.ബാക്കിയെല്ലാരും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർമാർ തന്നെ .സദസിൽ സെറ്റ് സാരി ഉടുപ്പിച്ചു കൊണ്ടുവന്ന വനിതകളാവട്ടെ അക്ഷമരായിരുന്നു.അവർ പലപ്പോഴും ബഹളം കൂട്ടി .കാശ് തരാമെന്നു പറഞ്ഞവർ മുങ്ങിയോ.അതാണവരുടെ ആശങ്കയ്ക്ക് കാരണം .
പലരും വിചാരിച്ചു ജോണി ചേട്ടന്റെ സത്യാന്വേഷണ പരീക്ഷണം അവിടം കൊണ്ട് തീർന്നെന്ന് .പക്ഷെ ഒരു ശമനവും ഉണ്ടായില്ല.മാണീ ഗ്രൂപ്പിലെ ഒരു ഫേസ്‌ബുക്ക് എഴുത്തുകാരനോട് അഭ്യർത്ഥിച്ചു ഒരു കോര്പ്പറേഷൻ എങ്കിലും കിട്ടുമെങ്കിൽ ഞാൻ പാലാ വീട്ടിൽ വന്നു കൈകൊടുക്കാം .പക്ഷെ ഫേസ്‌ബുക്ക് എഴുത്തുകാരൻ അത് റെക്കോർഡ് ചെയ്യുകയും.ലോകമാകെ പ്രചരിക്കുകയും ചെയ്തപ്പോൾ;തൊടുപുഴ കുഞ്ഞാണ്ടന്മാർ ഒരു ദീർഘ നിശ്വാസമുതിർത്തു .ഹാവൂ രക്ഷപെട്ടു.
ഉടനെ തന്നെ ഫോൺ സംഭാഷണം തന്റേതല്ലെന്നു പ്രസ്താവിച്ച ജോണിച്ചേട്ടൻ തന്റെ സത്യാന്വേഷണം തുടരാൻ തന്നെ തീരുമാനിച്ചു.അങ്ങനെയാണ് ജോസഫ് ഗ്രൂപ്പിൽ നിന്നും രാജിവച്ചു ബിജെപി യിൽ ചേർന്നത്.പ്രധാനമന്ത്രി കൊച്ചിയിലെത്തിയപ്പോൾ അഭിമുഖം തരപ്പെടുത്തി തരാം എന്ന് ബിജെപി ക്കാർ പറഞ്ഞു വിളിയും കാത്ത് ടി ബി യിൽ ഇരിപ്പായി.പക്ഷെ പ്രധാന മന്ത്രി കൊച്ചിയിൽ നിന്ന് പോയിട്ടും ബിജെപി ക്കാരുടെ വിളി വന്നില്ല.ഒരുവിൽ തനിച്ചു വീട്ടിലേക്കു പോരുകയായിരുന്നു.ന്യൂന പക്ഷ കംമീഷനംഗം അല്ലെങ്കിൽ ഗവർണ്ണർ പദവി ഇതൊക്കെയായിരുന്നു ദൂതൻ മാരോടു ഉണർത്തിച്ചത്.ദൂതൻ മാർ അവരുടെ പാട്ടിനു പോയി.
അപ്പോളാണ് ജോണിച്ചേട്ടൻ തന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ വീണ്ടും പരീക്ഷിക്കാൻ തീരുമാനിച്ചത്.ഇക്കഴിഞ്ഞ മാസങ്ങളിൽ ഒന്ന് വീതം മൂന്നു നേരം പ്രസ്താവന ഇറക്കികൊണ്ടിരുന്നു.ഞാൻ മാതൃ സംഘടനയിലേക്ക് തിരിച്ചു പോകുന്നു.അവർ സ്വീകരിച്ചാൽ ഞാൻ ചെല്ലും;യഥാർത്ഥ കേരളാ കോൺഗ്രസ് ജോസ് കെ മാണിയുടേത് തന്നെ എന്നൊക്കെ സത്യാന്വേഷണ പരീക്ഷണങ്ങളുടെ ഉൾപിരിവുകൾ കൂടെ കൂടെ നിർഗളിച്ചുകൊണ്ടിരുന്നു.ഇറച്ചിപ്പുരയുടെ മുമ്പിൽ പട്ടി കാത്ത് നിൽക്കുന്നതുപോലെയുള്ള നിൽപ്പ് കണ്ടപ്പോൾ ജോമോനും സങ്കടമായി;ഒന്നുമില്ലേലും ഒരു കാരണവരല്ലേ;ഇങ്ങു പോരെ എന്ന് പറഞ്ഞു.ഇനിയെന്നാ സത്യാന്വേഷണ പരീക്ഷണങ്ങൾ തുടങ്ങുന്നത്…? കാത്തിരുന്ന് കാണാം.എം എൽ എ സ്ഥാനം കിട്ടിയില്ലെങ്കിൽ സത്യാന്വേഷണ പരീക്ഷണങ്ങൾ വീണ്ടും ആരഭിക്കാതിരിക്കില്ല.കൊട്ടൻ ചുക്കാദി എണ്ണയും;ഗോദ്‌റേജിന്റെ ഡൈയും ഉള്ള കാലത്തോളം ജോണേട്ടന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുടരുക തന്നെ ചെയ്യും.തീർച്ച ..