ജനുവരി 26 ദേശീയദിനത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അല്‍ബനീസിയില്‍ നിന്ന് നേരിട്ട് പൗരത്വം സ്വീകരിച്ച് കുമരകംകാരനായ ജോബി സിറിയക്ക് വായിത്തറ.
15,000ത്തിലധികം പേർക്കാണ് ഓസ്‌ട്രേലിയന്‍ ദേശീയ ദിനമായ ഇന്ന് പൗരത്വം നൽകിയത്. ഇതിൽ കാന്‍ബറയില്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസിയില്‍ നിന്ന് നേരിട്ട് പൗരത്വം സ്വീകരിച്ചതിൽ ഏക ഇന്ത്യക്കാരനാണ് മലയാളിയായ ജോബി സിറിയക്. ഓരോ വർഷവും നിരവധി വിദേശികൾ ഓസ്ട്രേലിയൻ പൗരത്വം നേടാറുണ്ടെങ്കിലും വർഷത്തിൽ ഒരു തവണ മാത്രമാണ് പ്രധാനമന്ത്രി നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട വിദേശികൾക്ക് പൗരത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്.
ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട 10 രാജ്യങ്ങളിൽനിന്നുള്ള 16 പേർക്കാണ് അവസരം ലഭിച്ചത്.
ഇതിൽ ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധിയായി ജോബി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഓസ്ട്രേലിയൻ പാർലമെൻ്റിന് സമീപത്തെ വേദിയിൽ ഗവർണ്ണർ ജനറൽ ഉൾപ്പെടെ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടത്തപ്പെട്ടത്. ഇതോടൊപ്പം ഓസ്ട്രേലിയൻ പ്രധാനമന്ത്രി നേരിട്ട് തൻ്റെ ഫെയ്സ്ബുക്ക്, ട്വിറ്റർ പേജുകളിൽ ഇന്ത്യക്കാരനായ ജോബിക്ക് പൗരത്വം നൽകുന്ന ചിത്രങ്ങൾ പങ്കുവച്ചതോടെ ഏറെ പ്രാധാന്യം ഏറിയിരിക്കുകയാണ് ജോബിക്ക് കിട്ടിയ അംഗീകാരം. ഇന്ത്യയിൽ നിന്നും സ്വദേശികൾ കൂട്ടമായി വിദേശ രാജ്യങ്ങളിൽ പൗരത്വം സ്വീകരിക്കുന്നത് ദിനംപ്രതി കൂടുന്നതായി റിപ്പോർട്ടുകൾ വരുന്ന ഈ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള ശക്തമായ നയതന്ത്ര ബന്ധത്തിന്റെ ഊഷ്മളത വിളിച്ചോതുന്നതിന്റെ ഭാഗമായി രാജ്യത്തിൻ്റെ പ്രധാനമന്ത്രി നേരിട്ട് പൗരത്വം നൽകി സ്വീകരിച്ചതിൻ്റെ പ്രാധാന്യം വളരെ വലുതാണ്.
ഏക ഇന്ത്യക്കാരനായി തിരഞ്ഞെടുത്തത് പ്രവാസികൾക്ക് നൽകുന്ന അംഗീകാരമായാണ് ജോബി കാണുന്നത്. തൻ്റെ ജീവിതത്തിലെ ഓർമ്മിക്കുവാനുള്ള ഏറ്റവും മികച്ച നിമിഷങ്ങളാണ് ഈ ജനുവരി 26 ന് ലഭിച്ചതെന്ന് ഓസ്ട്രേലിയയിൽ റിക്കവറി മെന്റർ ആയി ജോലിചെയ്യുന്ന ജോബി കുമരകം ടുഡേ യോട് പറഞ്ഞുഅധ്യാപകരായിരുന്ന വായിത്തറ പരേതനായ സിറിയക് ജോസഫിന്റെയും മേരികുട്ടിയുടെയും മകനാണ് ജോബി. മെറിനാണ് ഭാര്യ. മകൻ സിറിയക് ജോൺ ജോബി.നാട്ടകം ഗവണ്മെന്റ് കോളേജിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ (ASAP) മാനേജർ ആയി ജോലിചെയ്യുമ്പോഴാണ് കുടുംബസമേതം ഓസ്ട്രേലിയയിലേക്ക് മാറി താമസിച്ചത്.