Kerala

പ്രാണപ്രതിഷ്ഠയ്ക്ക് ഒരു ദിവസം മാത്രം ബാക്കി: അയോധ്യയിൽ കനത്ത സുരക്ഷാ

അയോധ്യ: പ്രാണപ്രതിഷ്ഠയ്ക്ക് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ കനത്ത സുരക്ഷാവലയത്തിലാണ് അയോധ്യ. പ്രവേശന പാസോ ക്ഷണക്കത്തോ ഇല്ലാത്തവരെ ഇന്നു മുതൽ ക്ഷേത്രപരിസരത്തേക്കു പ്രവേശിപ്പിക്കില്ല. നാളെ പ്രാണപ്രതിഷ്ഠാച്ചടങ്ങ് കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങുന്നതുവരെ കർശന നിയന്ത്രണങ്ങൾ തുടരും.

അതിഥികളോട് രാവിലെ 11നു മുൻപെത്താൻ നിർദേശിച്ചിട്ടുണ്ട്. 11.30 മുതൽ 12.30 വരെ ഒരുമണിക്കൂറോളമാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്. 12.30നു പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും.

പതിനായിരത്തിലേറെ പൊലീസുകാരെയാണ് സുരക്ഷയ്ക്കു നിയോഗിച്ചിരിക്കുന്നത്.  ആയിരക്കണക്കിനാളുകളാണ് അയോധ്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ദീപാലങ്കാരങ്ങളും വിവിധ പരിപാടികളുമായി ഉത്സവാന്തരീക്ഷമാണ് അയോധ്യയിലെങ്ങും. വിദേശത്തു നിന്നടക്കം നൂറുകണക്കിനു മാധ്യമപ്രവർത്തകരുമെത്തിയിട്ടുണ്ട്.

പ്രാണപ്രതിഷ്ഠയ്ക്കൊരുക്കിയ വിഗ്രഹത്തിന്റെ ചിത്രം പുറത്തായത് എങ്ങനെയെന്ന് അന്വേഷിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ഉദ്യോഗസ്ഥരോ മറ്റോ എടുത്ത ചിത്രങ്ങളാണു പുറത്തുവന്നിരിക്കുന്നതെന്നു കരുതുന്നതായും പറഞ്ഞു. വിഗ്രഹത്തിന്റെ കണ്ണു കെട്ടാത്ത ചിത്രം പുറത്താകരുതായിരുന്നുവെന്നും ഉത്തരവാദികളെ കണ്ടെത്തണമെന്നും നിലവിൽ രാംലല്ല ക്ഷേത്രത്തിന്റെ മുഖ്യപൂജാരിയായ ആചാര്യ സത്യേന്ദ്രദാസ് ആവശ്യപ്പെട്ടു.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കരുതെന്ന് വിദ്യാർഥികൾക്കു ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്സ്) നിർദേശം നൽകി. പ്രതിഷ്ഠാ ദിനത്തിൽ ഐഐടി ബോംബെയിൽ ഗോശാല തുറക്കുമെന്നു മാനേജ്മെന്റ് അറിയിച്ചു.

അയോധ്യയിലെ പ്രാണപ്രതിഷ്ഠയുടെ ലൈവ് ഐനോക്സ്, പിവിആർ തിയറ്ററുകളിൽ കാണിക്കും. 11 മുതൽ 3 മണി വരെയാണിത്. 100 രൂപയുടെ ടിക്കറ്റെടുത്താൽ 100 രൂപയുടെ പോപ് കോണും നൽകും.

അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുന്ന നാളെ ഉച്ചയ്ക്കു 2.30 വരെ ഡൽഹിയിലെ എയിംസ് ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികൾക്കെല്ലാം അവധി നൽകി. ആർഎംഎൽ, ലേഡി ഹാർഡിങ്, സഫ്ദർജങ് തുടങ്ങിയ ആശുപത്രികൾക്കും അവധിയുണ്ട്. അടിയന്തര ചികിത്സാ വിഭാഗങ്ങൾ പ്രവർത്തിക്കും.

പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ പശ്ചാത്തലത്തിൽ വ്യാജവാർത്തകളും മറ്റും പ്രചരിപ്പിക്കരുതെന്നു കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം മുന്നറിയിപ്പു നൽകി.

തമിഴ്നാട്ടിൽ ആത്മീയ തീർഥാടനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു ധനുഷ്കോടിയിലെ കോതണ്ഡരാമർ ക്ഷേത്രത്തിൽ ദർശനം നടത്തും. ഇന്നലെ തിരുച്ചിറപ്പള്ളി ശ്രീരംഗം ക്ഷേത്രത്തിലും രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി.

കമ്പർ മണ്ഡപത്തിൽ ഇരുന്ന് രാമായണം വായന കേട്ടതിനു ശേഷമാണു രാമേശ്വരത്തേക്കു തിരിച്ചത്. രാജ്യത്തെ 12 ജ്യോതിർലിംഗ ക്ഷേത്രത്തിലൊന്നായ രാമനാഥ സ്വാമി ക്ഷേത്രത്തിലെ 22 തീർഥ കിണറുകളിൽ നിന്നുള്ള വെള്ളം കൊണ്ട് സ്നാനം നടത്തി. രാത്രി ശ്രീരാമകൃഷ്ണ മഠത്തിലാണു താമസമൊരുക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top