പാലാ: വിവിധ സാഹചര്യങ്ങളിൽ കേരളത്തിലെത്തിപ്പെട്ട് ബന്ധുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും അകന്നുകഴിഞ്ഞിരുന്ന രണ്ട് പേരെ ആവശ്യമായ ഇടപെടലുകൾ നടത്തി മരിയാസദനം സ്വദേശത്തേക്ക് തിരിച്ചയച്ചു.

ഡൽഹി സ്വദേശിയായ ആർ. എസ്. രാഘവൻ (ശ്രീനിവാസ്) (60) ആണ് സ്വദേശമായ ഡൽഹിയിലേക്ക് മടങ്ങിയത്. ജന്മസ്ഥലം തമിഴ്നാടാണെങ്കിലും വർഷങ്ങളായി ഡൽഹിയിലാണ് താമസിച്ചിരുന്നത്. കുടുംബപരമായും സാമൂഹികമായും ഉണ്ടായ സാഹചര്യങ്ങളെ തുടർന്ന് ഒറ്റപ്പെട്ട നിലയിലായിരുന്ന രാഘവൻ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചിരുന്നു. തുടർന്ന് പാലാ അരുണാപുരം പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പാലാ പോലീസിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ മരിയാസദനം യാചക പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മരിയാസദനത്തിലെ അധികൃതർ നടത്തിയ അന്വേഷണത്തിലൂടെയും ബന്ധപ്പെട്ടവരുമായി നടത്തിയ ആശയവിനിമയത്തിലൂടെയും രാഘവന്റെ സ്വദേശവും ബന്ധുക്കളെയും സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തി. തുടർന്ന് ഡൽഹിയിലേക്ക് മടങ്ങണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം പരിഗണിച്ച് യാത്രയ്ക്കാവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കി സ്വദേശത്തേക്ക് തിരിച്ചയച്ചു.

അതേസമയം, അസം സ്വദേശിയായ രമൻ കിഷൻ (34) എന്നയാളെയും കുടുംബവുമായി വീണ്ടും ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായി സ്വദേശത്തേക്ക് തിരിച്ചയച്ചു. അസം, ഉദൽഗുരി സ്വദേശിയായ രമൻ കിഷൻ ജോലി ആവശ്യത്തിനായാണ് കേരളത്തിലെത്തിയത്. ഭാര്യയും ഒരു കുട്ടിയുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.
കോട്ടയം ജില്ലയിലെ മുത്തോലി ഭാഗത്തുള്ള ഒരു വീട്ടിൽ രമൻ കിഷൻ എത്തിച്ചേരുകയും വിവസ്ത്രനായ ഇയാളെ തുടർന്നു പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് മരിയസദനത്തിൽ എത്തിക്കുകയായിരുന്നു . മരിയസദനത്തിലെ ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാരനായ രാജേഷ് ടോപ്പോ ഇയാളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകി. പിന്നീട് രമൻ കിഷന്റെ സ്വദേശത്തെയും കുടുംബത്തെയും സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തി. ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെട്ട് കുടുംബത്തെ വിവരമറിയിക്കുകയും ചെയ്തു.
കുടുംബത്തിൽ നിന്ന് അകന്ന് കേരളത്തിലെത്തിപ്പെട്ട രമൻ കിഷനെ ബന്ധുക്കളുമായി വീണ്ടും ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായി ആവശ്യമായ യാത്രാ ക്രമീകരണങ്ങൾ പൂർത്തിയാക്കി അദ്ദേഹത്തെയും സ്വദേശമായ അസമിലേക്ക് തിരിച്ചയച്ചു.
യാത്രയയപ്പിൽ മരിയസദനം ഡയറക്ടർ ശ്രീ സന്തോഷ് ജോസഫ്, വാർഡ് കൗൺസിലർ ശ്രീമതി. ജിജി ബൈജു, പാലാ പോലീസ് SI ശ്രീ. രാജു.M.C എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ബന്ധുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും അകന്നുപോയവരെ കണ്ടെത്തി ആവശ്യമായ പരിചരണവും സംരക്ഷണവും നൽകി കുടുംബവുമായി വീണ്ടും ഒന്നിപ്പിക്കുന്ന മരിയാസദനത്തിന്റെ പ്രവർത്തനങ്ങൾക്ക് ഈ സംഭവങ്ങൾ ശ്രദ്ധേയമായ ഉദാഹരണമായി.