Kerala

സംസ്ഥാനത്ത് ഗുണ്ടകൾക്കെതിരെ പൊലീസിന്റെ വ്യാപക നടപടി. ‘ഓപ്പറേഷൻ ഗ്രിപ്പ്’:അർജുൻ ആയങ്കിക്കെതിരെ ശക്തമായ തിരച്ചിലിൽ അനുയായികളെ പിടികൂടി പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകൾക്കെതിരെ പൊലീസിന്റെ വ്യാപക നടപടി. ‘ഓപ്പറേഷൻ ഗ്രിപ്പ്’ എന്ന പേരിലാണ് ഗുണ്ടകളെയും ക്രിമിനൽ പശ്ചാത്തലമുള്ളവരെയും പിടികൂടാനുള്ള പ്രത്യേക പരിശോധന ആരംഭിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ഗ്രിപ്പ് പുരോഗമിക്കുന്നത്. ഇതിനിടെ, പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും വെല്ലുവിളിച്ച് ഒളിവിൽ പോയ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കായുള്ള തിരച്ചിലും പൊലീസ് ശക്തമാക്കി.

അർജുൻ ആയങ്കിയുടെ സുഹൃത്തുക്കളായ എട്ടുപേരെ കണ്ണൂർ വളപട്ടണം പൊലീസ് കരുതൽ തടങ്കലിലാക്കി. ഇവരെ ചോദ്യംചെയ്തുവരികയാണ്. അർജുൻ ആയങ്കിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ചോദ്യംചെയ്യൽ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതിനിടെ, രണ്ട് ദിവസം മുൻപ് അർജുൻ ആയങ്കി കണ്ണൂർ അഴീക്കോട് എത്തിയിരുന്നതായും പൊലീസിന് സംശയമുണ്ട്. മലപ്പുറത്തും അർജുൻ ആയങ്കിയുമായി ബന്ധമുള്ള അഞ്ച് പേരെ പൊലീസ് ചോദ്യംചെയ്തു. ഓഗസ്റ്റ് അഞ്ചിന് അർജുൻ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തിയിരുന്നതായാണ് വിവരം. ഇതിന്റെ CCTV ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അർജുന്റെ സുഹൃത്തുക്കളായ അഞ്ച് പേരെയാണ് ചങ്ങരംകുളം, തിരൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്.

ശനിയാഴ്ച രാവിലെ തിരുവനന്തപുരത്ത് അർജുൻ ആയങ്കിയുമായി ബന്ധമുള്ള അഞ്ച് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷൈജു ഷാ, ശങ്കു, വെങ്കിടേഷ്, സംഗീത സുരേഷ്, ആദിത്യൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരിൽ ഷൈജുവിനെതിരെ പൊലീസ് സൈബർ കേസും രജിസ്റ്റർ ചെയ്തു. സാമൂഹികമാധ്യമത്തിലൂടെ ആഭ്യന്തരമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റിട്ടെന്ന പരാതിയിലാണ് സൈബർ കേസ്. അതേസമയം, ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിക്കായി വിവിധ ജില്ലകളിലും അയൽസംസ്ഥാനങ്ങളിലേക്കും പൊലീസ് തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. അർജുന്റെ നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം ഇയാളുമായി ബന്ധമുള്ളവരെയും നിരീക്ഷിച്ചുവരികയാണ് പൊലീസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top