Kerala

ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപപ്പെട്ട അന്തരീക്ഷ ചുഴി സംസ്ഥാനത്തുടനീളം ശക്തമായ മഴയ്ക്ക് കാരണമാകുമെന്ന് കലാഖവസ്ഥ നിരീക്ഷണ കേന്ദ്രം

ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപപ്പെട്ട അന്തരീക്ഷ ചുഴി സംസ്ഥാനത്തുടനീളം ശക്തമായ മഴയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം ശക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നിലവിലുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

ബാക്കി വരുന്ന ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും വസിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

കനത്ത മഴയും അതിനെത്തുടര്‍ന്നുണ്ടാകാന്‍ സാധ്യതയുള്ള പ്രകൃതിദുരന്തങ്ങളും കണക്കിലെടുത്ത് സംസ്ഥാനത്തെ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നടപടി.

അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ അവധി ബാധകമായിരിക്കും. അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍, സര്‍വ്വകലാശാല പരീക്ഷകള്‍, പി.എസ്.സി അഭിമുഖങ്ങള്‍ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും അതത് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചിട്ടുണ്ട്.

കാലാവസ്ഥ വരും മണിക്കൂറുകളില്‍ കൂടുതല്‍ മോശമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീരദേശത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാലാണ് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും തടഞ്ഞിരിക്കുന്നത്.

ദുരന്തനിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും, പ്രത്യേകിച്ച് മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്രകള്‍ തടയണമെന്നും നിര്‍ദ്ദേശമുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശമനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാന്‍ തയ്യാറാകണം.

കനത്ത മഴയില്‍ പുഴകളും അരുവികളും കരകവിഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ ജലാശയങ്ങള്‍ക്ക് സമീപത്തേക്ക് പൊതുജനങ്ങള്‍ പോകരുതെന്ന് കര്‍ശന മുന്നറിയിപ്പുണ്ട്. ആറുകളില്‍ ഇറങ്ങുന്നതും മീന്‍പിടിക്കുന്നതും പുഴകള്‍ക്ക് സമീപം നിന്ന് സെല്‍ഫി എടുക്കുന്നതും പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്. മലയോരത്തെ ജലാശയങ്ങളിലും വെള്ളച്ചാട്ടങ്ങളിലും വിനോദസഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍, ബോര്‍ഡുകള്‍, ലൈറ്റ് പോസ്റ്റുകള്‍ എന്നിവയ്ക്ക് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഗതാഗത തടസ്സങ്ങളും ഉണ്ടാകാന്‍ ഇടയുണ്ട്.

അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ എല്ലാ ജില്ലകളിലും താലൂക്ക് താലൂക്ക് തലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെയും (ചഉഞഎ) ഫയര്‍ഫോഴ്‌സിന്റെയും സംഘങ്ങളെ കനത്ത മഴ സാധ്യതയുള്ള മേഖലകളില്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ജനങ്ങള്‍ ഔദ്യോഗിക മുന്നറിയിപ്പുകള്‍ മാത്രം വിശ്വസിക്കണമെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അഭ്യര്‍ത്ഥിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top