Kerala

നവകേരള സദസ്: വൈക്കത്ത് വിളംബരജാഥ ഡിസംബർ 11ന്

 

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളിൽ ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസിന്റെ ഭാഗമായി വൈക്കം നിയോജകമണ്ഡലത്തിൽ ഡിസംബർ 11ന് വിളംബര ജാഥ നടത്തും. വൈക്കം താലൂക്ക് കോൺഫറൻസ് ഹാളിൽ സി.കെ. ആശ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. ഡിസംബർ 11ന് ഉച്ചയ്ക്ക് മൂന്നിന് വടക്കേനടയിലുള്ള ദേവസ്വം ബോർഡിന്റെ പാർക്കിങ് മൈതാനത്ത് നിന്ന് ആരംഭിക്കുന്ന ജാഥ ബോട്ട് ജെട്ടിയിൽ അവസാനിക്കും.

വാദ്യമേളങ്ങളുടെയും വർണക്കുടകളുടെയും അകമ്പടിയോടെ നടക്കുന്ന ജാഥയിൽ 1500 പേർ അണിനിരക്കും. തുടർന്ന് വൈകിട്ട് അഞ്ചു മുതൽ ഏഴു വരെ തിരുവാതിര ഫ്യൂഷൻ മത്സരങ്ങൾ വൈക്കം ബോട്ട് ജെട്ടി മൈതാനത്ത് നടക്കും. മത്സരങ്ങളിൽ വിജയികളാകുന്ന ടീമുകൾക്ക് സമ്മാനവും നൽകും. ഒരു ടീമിന് പരമാവധി പത്തു മിനിട്ട് സമയമാണ് നൽകുക.

നവകേരള സദസിന്റെ സംഘാടകസമിതി ഓഫീസ്  (ഡിസംബർ ഏഴ്) രാവിലെ 11 ന് സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ അവലോകന യോഗവും ചേരും. ഡിസംബർ 14 ന് വൈകിട്ട് മൂന്നിന് വൈക്കം ബീച്ചിലാണ് നവകേരള സദസ്.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, നഗരസഭാംഗം എസ്. ഹരിദാസൻ നായർ, നവകേരള സദസ് സംഘാടകസമിതി ജനറൽ കൺവീനർ പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, നഗരസഭാ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ, ഉദ്യോഗസ്ഥർ, സബ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top