Crime

ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച നാലു മലയാളികളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് ശ്രീനഗറില്‍ നടക്കും

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച നാലു മലയാളികളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് ശ്രീനഗറില്‍ നടക്കും. മൃതദേഹങ്ങള്‍ സോനാമാര്‍ഗിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് ശ്രീനഗറില്‍ എത്തിച്ച ശേഷമാകും പോസ്റ്റുമോര്‍ട്ടം ആരംഭിക്കുക. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ അനില്‍ (34), സുധീഷ് (33), രാഹുല്‍ (28), വിഘ്‌നേഷ് (22) എന്നിവരാണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ ശ്രീനഗര്‍ സത്‌റിന കന്‍ഗന്‍ സ്വദേശി ഐജാസ് അഹമ്മദ് ഐവാനും (25) മരിച്ചു. ഒപ്പമുണ്ടായിരുന്ന മനോജ് എം മഹാദേവ് (25), അരുണ്‍ കെ കറുപ്പുസ്വാമി (26), രാജേഷ് കെ കൃഷ്ണന്‍ (30) എന്നിവര്‍ പരിക്കേറ്റു. മനോജിന്റെ പരിക്ക് ഗുരുതരമാണ്.

ശ്രീനഗര്‍ – ലേ ഹൈവേയില്‍ സോജില പാസില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. ഇന്നലെ വൈകിട്ടു നാലരയോടെയാണ് സംഭവം. സോനാമാര്‍ഗിലെ മൈനസ് പോയിന്റിലേക്ക് രണ്ട് വാഹനങ്ങളിലായി പോയ സംഘമാണ് അപകടത്തില്‍പെട്ടത്. ഒരു വാഹനത്തില്‍ ആറുപേരും മറ്റൊരു വാഹനത്തില്‍ ഏഴുപേരുമായിരുന്നു ഉണ്ടായിരുന്നത്. ഏഴുപേരുമായി സഞ്ചരിച്ച വാഹനം മഞ്ഞില്‍ തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു.

കഴിഞ്ഞ മാസം 30നാണ് സുഹൃത്തുക്കളും അയല്‍ക്കാരുമായ 13 അംഗ സംഘം ട്രെയിന്‍ മാര്‍ഗം വിനോസഞ്ചാരത്തിനായി പുറപ്പെട്ടത്. അഞ്ചു വര്‍ഷമായി ഇവര്‍ യാത്ര നടത്താറുണ്ട്. ചിട്ടി നടത്തിയാണ് യാത്രയ്ക്കുള്ള തുക സ്വരൂപിച്ചത്. ഡല്‍ഹിയും ആഗ്രയും സന്ദര്‍ശിച്ച ശേഷമാണ് ഇവര്‍ കശ്മീരിലേക്ക് പുറപ്പെട്ടത്. ഈ മാസം 10ന് മടക്കയാത്ര നിശ്ചയിച്ചിരുന്നു.

ഗുരുതര പരിക്കേറ്റ മനോജിനെ വിദഗ്ധ ചികിത്സയ്ക്കായി സൗറയിലെ എസ്‌കെഐഎംഎസ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റു രണ്ടുപേരും സോനാമാര്‍ഗ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച രാഹുലിന്റെ സഹോദരനാണ് പരിക്കേറ്റ രാജേഷ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തിലും ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top