ഈരാറ്റുപേട്ടയെ നിശ്ചലമാക്കി വെള്ളപ്പൊക്കം .ഈരാറ്റുപേട്ട ടൗണിലൂടെ വാഹനങ്ങൾ കടന്നുപോകില്ല. 2018ൽ വന്നതിനേക്കാൾ കൂടുതൽ ഉയരത്തിലാണ് ടൗണിൽ വെള്ളം വന്നത് എന്ന് രക്ഷാപ്രവർത്തകർ പറയുന്നു. നടക്കൽ മുരിക്കോലി ഭാഗങ്ങളിലും വെള്ളം കയറി. നിരവധി വീടുകൾ വെള്ളത്തിലായി. വീടിൻറെ രണ്ടാം നിലയിൽ കുടുങ്ങിയവരെ രക്ഷാപ്രവർത്തകർ നിലവിൽ പുറത്ത് എത്തിച്ചു കൊണ്ടിരിക്കുകയാണ്.

വാഗമൺ റോഡിൽ പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. വാഹനങ്ങൾ കടന്നുപോകില്ല. ഈരാറ്റുപേട്ട വാഗമൺ റോഡിൽ എവറസ്റ്റ് വളവിൽ മണ്ണിടിഞ്ഞു വീണു റോഡ് ബ്ലോക്ക് ആണ്.തോട് നിറഞ്ഞുകവിഞ്ഞു വെള്ളമൊഴുകി സമീപത്തെ പുരയിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു.

കൊക്കയാർ,കൂട്ടിക്കൽ , മുണ്ടക്കയം പഞ്ചായത്തുകളിലെ നിരവധി വീടുകളിൽ വെള്ളം കയറി.മുണ്ടക്കയം കോസ് വെ , കുട്ടിക്കൽ ചപ്പാത്ത് എന്നിവ വെള്ളത്തിനടിയിലായി.വെംബ്ലി, കൊഴിപ്പുറം മോഹനൻ, മിഷ്യൻ പറമ്പിൽ ബിജു, കൊഴിപ്പുറം ഷാജി, കൊഴിപ്പുറം കുഞ്ഞുമോൾ ഏന്തയാർ ഈസ്റ്റ് പൂവമ്പാറ ഷാജി അടക്കം നിരവധി വീടുകളിൽ വെള്ളം കയറി. നാരകംപുഴ ചന്തക്കടവ് ഭാഗത്ത് നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കൊക്കയാർ – കൂട്ടിക്കൽ റോഡിൽ വെള്ളം കയറി. വെംബ്ലി പൈനുങ്കൽ തങ്കച്ചന്റെ വീടിന്റെ സംരക്ഷണ ഭിത്തി വെള്ളത്തിൽ തകർന്ന് ഒഴുകി . കഴിഞ്ഞ 2021 ലെ പ്രളയത്തിൽ തകർന്ന സംരക്ഷണ ഭിത്തി പുനർ നിർമിച്ചതാണ് വീണ്ടും തകർന്നത്. നാരകം പുഴ സി.എസ്.ഐ പാരീഷ് ഹാൾ, കൂട്ടിക്കൽ കെ.എം.ജെ. പബ്ലിക് സ്കൂൾ, വെംബ്ലി കമ്യൂണിറ്റി ഹാൾ എന്നിവ താത്കാലികമായി തുറന്നിട്ടുണ്ട്.
കൊക്കയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുഗുണൻ, ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് വെംബ്ലി, വാർഡ് മെമ്പർ മാരായ അയ്യൂബ് ഖാൻ കട്ടപ്ലാക്കൽ, സോണിയ ഹാറൂൺ എന്നിവർ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. പീരുമേട് തഹസിൽദാർ ജോജോയുടെ നേതൃത്വത്തിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ മഴക്കെടുതി ഉണ്ടായ പ്രദേശങ്ങളിൽ സജീവമായി രംഗത്ത് ഉണ്ട്.
മണ്ടിമലയാർ,പുല്ലകയാർ, പാപ്പാനി, കൊടികുത്തിയാർ എന്നിവ കരകവിഞ്ഞ് ഒഴുകുകയാണ്. ഇളങ്കാട് അടിവാരത്ത് ഉരുൾ പൊട്ടിയതായി പറയുന്നു. എന്നാൽ സ്ഥിരീകരിച്ചിട്ടില്ല.