Crime

അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; കോടികൾ ബാങ്ക് അക്കൗണ്ട് വഴി കൈമാറി

 

 

കോഴിക്കോട് | അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ നിർണായക വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് ഇരിട്ടി സ്വദേശിയും ഡെലിവറി ബോയിയുമായ ജിജിൽ കുര്യാക്കോസിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. പേരാമ്പ്ര ബിആർസിയിലെ ഒരു അധ്യാപികയെകൂടി ചൊവ്വാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റ് ചെയ്തവരിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിജിലിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ വടകര എസ്പി ഓഫീസിലാണ് ആദ്യമെത്തിച്ചത്. തുടർന്ന് ഇയാളുടെ മൊബൈൽ ഫോണിൽ നിന്നുള്ള കൂടുതൽ വിവരങ്ങളും ഡിജിറ്റൽ തെളിവുകളും വീണ്ടെടുക്കുന്നതിനായി വടകര സൈബർ സെല്ലിലേക്ക് മാറ്റി.

ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട കോളുകൾ, ചാറ്റുകൾ, മറ്റ് സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച് സൈബർ വിദഗ്ധരുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടന്നുവരികയാണ്. പോലീസിനെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പുറത്തുവരുന്നത്.

പിടിയിലായ ജിജിൽ കുര്യാക്കോസ് ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ഒരു കോടി രൂപയോളമാണ് ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറിയത്. ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് നിർണായക വിവരങ്ങൾ പുറത്തുവരുന്നത്.

കേസിൽ ഇതുവരെ പേരാമ്പ്ര ബിആർസിയിലെ മൂന്ന് അധ്യാപികമാരാണ് അറസ്റ്റിലായത്. രണ്ട് ഗ്രാം എംഡിഎംഎയുമായി വടകര ആവിക്കൽ സ്വദേശി സഫ്വാനെ മാസങ്ങൾക്ക് മുൻപ് അറസ്റ്റ് ചെയ്തതോടെയാണ് ലഹരിമാഫിയയെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ആദ്യം പേരാമ്പ്ര ബിആർസിയിലെ അധ്യാപിക കീർത്തനയിലേക്കെത്തുന്നത്.

ജൂലായ് 12-ാം തീയതി മരുതോങ്കര സ്വദേശിയും 31 കാരിയുമായ കീർത്തനയെ പോലീസും ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്വേഷണത്തിൽ കീർത്തനയുടെ അക്കൗണ്ടിലേക്കാണ് ആവശ്യക്കാരുടെ പണം എത്തുന്നതായി കണ്ടെത്തിയത്. കീർത്തനയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഇതേ ബിആർസിയിലെ മറ്റൊരു അധ്യാപികയായ കൂരാച്ചുണ്ട് സ്വദേശി കാവ്യയിലേക്കെത്തുന്നത്.

കാവ്യയേയും അന്വേഷണസംഘം അറസ്റ്റുചെയ്തു. ഇവരുടെ അക്കൗണ്ട് വഴിയും ലഹരി സംഘത്തിന് പണം കൈമാറിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതിന് തൊട്ടുപിന്നാലെയാണ് ബിആർസിയിലെ മറ്റൊരു അധ്യാപിക ആവള സ്വദേശി നീഷ്മയെ കൂടി പോലീസ് അറസ്റ്റു ചെയ്യുന്നത്.

ഇൻസ്റ്റഗ്രാം വഴിയാണ് മൂന്നുപേരും ലഹരി സംഘങ്ങളുമായി ബന്ധപ്പെടുന്നത്. പെട്ടെന്ന് പണം ലഭിക്കാനുള്ള വഴിയായി എംഡിഎംഎ കണ്ണികളായി മാറുകയായിരുന്നു എന്നാണ് ഇവരുടെ മൊഴിയിൽ നിന്നും വ്യക്തമാകുന്നത്. മൂന്നുപേരും ലഹരി ഉപയോഗിക്കുന്നവരാണെന്നും പോലീസ് പറയുന്നു. ഇതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top