Kerala

മൂന്നാറിൽ പോകാം പക്ഷെ സൂക്ഷിച്ചില്ലെങ്കിൽ രൂപാ 5000 പോകും

ഓഗസ്റ്റ് 1 മുതൽ മുന്നാറിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളും അര ലീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമേർപ്പെടുത്തി മൂന്നാർ പഞ്ചായത്ത്. നിയമലംഘകരെ കണ്ടത്താൻ ആറംഗ സ്‌ക്വാഡിനെയും നിയമിച്ചു. പൊതുജനങ്ങൾക്കും നിയമലംഘനം കണ്ടെത്തി പഞ്ചായത്തധികൃതരെ തെളിവു സഹിതം അറിയിക്കാം. പിഴത്തുകയുടെ 25%, വിവരം നൽകുന്നവർക്കു പാരിതോഷികമായി നൽകും.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിച്ചുള്ള 2025 ജൂണിലെ ഹൈക്കോടതി ഉത്തരവ് വ്യാപാരികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നടപ്പാക്കാനാണു ലക്ഷ്യമിടുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് എസ്‌വി ജയകുമാർ പറഞ്ഞു. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന അര ലിറ്ററിൽ താഴെയുള്ള ശുദ്ധജലക്കുപ്പികൾ, ശീതളപാനീയ കുപ്പികൾ, പ്ലാസ്റ്റിക് ബാഗുകൾ, പേപ്പർ പ്ലേറ്റുകൾ, പേപ്പർ ഗ്ലാസുകൾ, സ്‌ട്രോ, ക്യാരി ബാഗുകൾ തുടങ്ങിയവയ്ക്ക് നിരോധനം ഏർപ്പെടുത്തും. ഇത്തരം സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ ക്കു കനത്ത പിഴ ചുമത്തുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും.

നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കൈവശം വയ്ക്കുകയോ വിൽക്കുകയോ ചെയ്താൽ 10,000 രൂപയാണു പിഴ, രണ്ടാം തവണയും പിടികൂടിയാൽ 25,000, മൂന്നാം തവണ 2.5 ലക്ഷം രൂപ. മാലിന്യം വലിച്ചെറിയുന്നതിനും പ്ലാസ്റ്റിക് കത്തിക്കുന്നതും 5000 രൂപയാണു പിഴ. ജൈവ, അജൈവ മാലിന്യം തരംതിരിക്കാതെ പൊതു ഇടങ്ങളിൽ തള്ളുന്നതിന് 1000 മുതൽ 10,000 രൂപ വരെ പിഴയീടാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top