Kerala

വിദ്യാബാലകൃഷ്ണൻ എം എൽ എ യെ മന്ത്രിയാക്കുവാൻ 3 കോടി ചോദിച്ച ഡൽഹി സംഘത്തെ ഡൽഹിയിൽ ചെന്ന് പൊക്കി കേരളാ പോലീസ്

കോഴിക്കോട്: വിദ്യ ബാലകൃഷ്ണൻ എംഎൽഎയോട് മന്ത്രി പദവി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ₹3 കോടി ആവശ്യപ്പെട്ട കേസിൽ പ്രതികളെ പിടികൂടാൻ പൊലീസ് നടത്തിയ രഹസ്യനീക്കത്തിന്റെ വിവരങ്ങൾ പുറത്തുവന്നു. പണം നൽകാമെന്ന് അറിയിച്ച് പ്രതികളെ കോഴിക്കോട്ടെത്തിച്ച് പിടികൂടാനായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ പദ്ധതി.എന്നാൽ, പൊലീസിന്റെ നീക്കം പ്രതികൾ മനസ്സിലാക്കിയതോടെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു. ഇതിനുശേഷവും അന്വേഷണ സംഘം മറ്റ് മാർഗങ്ങളിലൂടെ പ്രതികളിലേക്ക് എത്തുകയായിരുന്നു.

ജൂലൈ 6ന് പ്രതി ഗൗരവ് ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ട വിവരം വിദ്യ ബാലകൃഷ്ണൻ എംഎൽഎ സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിയെ അറിയിച്ചു.തുടർന്ന് സിറ്റി പൊലീസ് സൈബർ വിഭാഗവും കമ്മിഷണറും എംഎൽഎയുമായി ചേർന്ന് അന്വേഷണം ആസൂത്രണം ചെയ്തു. പണം കോഴിക്കോട്ട് എത്തിയാൽ നൽകാമെന്ന് അറിയിച്ചുകൊണ്ടായിരുന്നു പ്രതികളെ കുടുക്കാനുള്ള പദ്ധതി.

പ്രതിയുടെ ഫോൺ അഞ്ച് ദിവസം പൊലീസ് നിരീക്ഷിച്ചു. ഇതിനൊപ്പം, ഫോൺ സിഗ്നലുകളുടെ അടിസ്ഥാനത്തിൽ ഡൽഹിയിലും അന്വേഷണം നടത്തി.അതേസമയം, ജൂലൈ 12ന് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചപ്പോഴാണ് പൊലീസിന്റെ നീക്കം പ്രതികൾ തിരിച്ചറിഞ്ഞത്.പൊലീസിന്റെ നീക്കം മനസ്സിലാക്കിയ പ്രതി എംഎൽഎയെ വിളിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും നശിപ്പിച്ചു. തുടർന്ന് അഞ്ച് അംഗ പൊലീസ് സംഘം ഡൽഹിയിലെത്തി നാല് ദിവസത്തിനുള്ളിൽ പ്രതികളിലേക്ക് എത്തി.

അന്വേഷണത്തിൽ, യഥാർഥ സിം കാർഡ് ഉടമയായ ഡൽഹി സ്വദേശിയുടെ മോഷണം പോയ മൊബൈൽ ഫോൺ വാങ്ങിയാണ് പ്രതി ഗൗരവ് തട്ടിപ്പിന് ശ്രമിച്ചതെന്ന് കണ്ടെത്തി. പിന്നീട് സഹപ്രതി നിതിൻ മറ്റൊരു ഫോണിൽ അതേ സിം ഉപയോഗിച്ച് എംഎൽഎയെ വിളിച്ചതായും പൊലീസ് കണ്ടെത്തി.

തെളിവുകൾ ഇല്ലാതാക്കാൻ പ്രതികൾ ഫോൺ ഓഫാക്കി കുഴിച്ചിട്ടിരുന്നു. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഈ ഫോൺ കണ്ടെത്തി.വിദ്യ ബാലകൃഷ്ണൻ എംഎൽഎ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളിലേക്ക് എത്താൻ പൊലീസിന് സാധിച്ചതെന്നും കേസിലെ തുടർനടപടികൾ പുരോഗമിക്കുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top