Kerala

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവുണ്ടെന്ന് റിമാൻഡ് റിപ്പോർട്ട്

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവുണ്ടെന്ന് റിമാൻഡ് റിപ്പോർട്ട്. പി എസ് പ്രശാന്തും മുൻ ബോർഡ് അംഗം അജികുമാറും ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് എസ്ഐടി. ഔദ്യോഗിക കൃത്യനിർവഹണം മറന്ന് ബോധപൂർവം വീഴ്ച വരുത്തി. സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്നതിന് വ്യാജ കരാറുണ്ടാക്കിയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

ശബരിമലയിലെ സ്വർണം ഇളക്കി മാറ്റി വീണ്ടും പ്ലേറ്റ് ചെയ്യാനുള്ള സംവിധാനം ചെന്നൈ സ്മാർട്ട് ക്രിയേഷൻസിനില്ലെന്ന് തിരുവാഭരണം കമ്മീഷണർ റജിലാൽ റിപ്പോർട്ട് നൽകിയിരുന്നു. 2025 ജൂലൈ 30 നാണ് ദേവസ്വം സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്. സ്വർണം പൂശാൻ പരമ്പരാഗത രീതി സ്വീകരിക്കണം എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ റെജിലാലിന്റെ റിപ്പോർട്ട് തള്ളിയാണ് പ്രശാന്ത് പാളികൾ ചെന്നൈയിൽ കൊണ്ടുപോകാൻ നിർദ്ദേശിച്ചത്.

ബോർഡ് പ്രസിഡന്റായിരുന്ന പ്രശാന്ത് ഇടപെട്ട് ചെന്നൈയിൽ തന്നെ കൊണ്ടുപോകാമെന്ന് സെക്രട്ടറിക്ക് കത്ത് നൽകി. ഇതിനായി റജിലാലിൽ സമ്മർദ്ദം ചെലുത്തി അനുകൂല തീരുമാനം എടുപ്പിച്ചു. തുടർന്ന് 2025 ഓഗസ്റ്റ് രണ്ടിന് ചേർന്ന ബോർഡ് യോഗം ഇതിന് അനുമതി നൽകിയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ചെന്നൈയിലേക്ക് പാളികൾ കൊണ്ടുപോകുന്നതിനായി വ്യാജ രേഖ തയ്യാറാക്കിയെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്.

നിയമാനുസൃതമായ കരാർ അന്ന് ഉണ്ടായിരുന്നില്ല. പാളികൾ ചെന്നൈയിൽ എത്തിച്ച ശേഷം ബെല്ലാരിയിൽ നിന്നും 2025 ഓഗസ്റ്റ് എട്ടിന് ഉണ്ണികൃഷ്ണൻ പോറ്റി മുദ്രപത്രം വാങ്ങി. ഓഗസ്റ്റ് പത്താം തീയതി വ്യാജ കരാറിൽ ഒപ്പിട്ടു. ചെന്നൈയിൽ എത്തിച്ച 12 പാളികളിൽ നാല് പാളികളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തു. 2019 ലെ സ്വർണക്കൊള്ള മറച്ചു വെക്കുന്നതിനുള്ള ഗൂഢാലോചനയാണ് പ്രതികൾ നടത്തിയത്. തുടർച്ചയായി ശബരിമലയിലെ സ്വർണം നഷ്ടമാകുന്ന വിധത്തിൽ പ്രശാന്തും അജികുമാറും പ്രവർത്തിച്ചെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top