നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരം ശക്തമാകുന്നതിനിടെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര സർക്കാർ. സമരക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും ജെ.പി നദ്ദയുടെ ഓഫീസിലോ വസതിയിലോ അല്ലെങ്കിൽ സമരക്കാർ പറയുന്നിടത്തോ ചർച്ച നടത്താമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. ചർച്ചകളിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

34 ദിവസം പിന്നിട്ട സിജെപി സമരവേദിയിലേക്ക് രാവും പകലും ഇല്ലാതെ യുവതിയുവാക്കൾ ഒഴുകിയെത്തുകയാണ്. സമരം ശക്തമായതോടെ ദില്ലിയിൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചു. എൻഡിഎംസി ചെയർമാൻ്റെ നിർദ്ദേശപ്രകാരം കൊണാട്ട് പ്ലെയിസിലെ കെട്ടിടങ്ങൾ വൈകിട്ട് 6.30-ന് അടക്കാൻ പോലീസ് ആവശ്യപ്പെട്ടു.

നിലവിലെ സുരക്ഷാസംവിധാനങ്ങൾക്ക് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അടിയന്തരമായി വിമാനമാര്‍ഗം 30 കമ്പനി അധികകേന്ദ്രസേനയെ കൂടി ദില്ലിയിൽ എത്തിച്ചു. 18 കമ്പനി സിആർപിഎഫ്, ആറ് കമ്പനി ആർഎഎഫ്, മൂന്ന് കമ്പനി ബിഎസ്എഫ്, രണ്ട് കമ്പനി എസ്എസ്ബി, ഒരു കമ്പനി ഐടിബിപി എന്നിവരടക്കം ആകെ 45 കമ്പനി സേനയെയാണ് ദില്ലിയിൽ വിന്യസിച്ചിരിക്കുന്നത്.