തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്. വിപുലമായ പരിപാടികളോടെയാണ് വിഎസിന്റെ ചരമവാർഷികം സിപിഎം ഇന്ന് ആചരിക്കുന്നത്. ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ വിഎസിന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്തൂപത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചന നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പൊതുസമ്മേളനവും റാലിയും പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പുന്നപ്രയിലെ വിഎസിന്റെ കുടുംബവീടായ വേലിക്കകത്ത് വീട്ടിൽ വിഎസിന്റെ അർധ കായ പ്രതിമയും സ്ഥാപിക്കും.

ആയിരക്കണക്കിനു സമരപോരാളികളെ വാർത്തെടുത്ത രാഷ്ട്രീയ ഇച്ഛാശക്തിയുടെ പേരായിരുന്നു വി.എസ്. അച്യുതാനന്ദൻ. ഒപ്പം എത്രപേരുണ്ടെന്നതല്ല. കഴിവുള്ള, ധൈര്യമുള്ള, ആർജവമുള്ള നേതാവുണ്ടാവുകയെന്നതാണു പ്രധാനം. ഈ പറഞ്ഞ മൂല്യങ്ങളുടെയെല്ലാം ആൾരൂപമായിരുന്നു അദ്ദേഹം. അനീതിക്കെതിരായ പോരാട്ടത്തിൽ എന്നും സഖാവ് മുന്നിൽനിന്നു. വർഗശത്രുക്കളെ ഉശിരോടെ നേരിട്ട വി.എസ്., ധൈര്യത്തിന്റെയും സാഹസികതയുടെയും ലക്ഷ്യബോധത്തിന്റെയും മികച്ച ഉദാഹരണമാണ്. ജീവിതത്തിൽ സ്വയം തിരഞ്ഞെടുത്ത പാതയിൽ തികഞ്ഞ ആത്മാർഥതയോടെയും സത്യസന്ധതയോടെയും പ്രവർത്തിച്ചു. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ, അവയെ കൂസാതെ ബുദ്ധിമുട്ടനുഭവിച്ചായിരുന്നു ആ യാത്ര. അപൂർവം നേതാക്കൾക്കുമാത്രം പറ്റുന്ന ഇത്തരം ആശയദാർഢ്യം അദ്ദേഹത്തിന് മുഴുവൻജനങ്ങളുടെയുമിടയിൽ സ്വീകാര്യതയുണ്ടാക്കി.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വാർത്തെടുക്കുന്നതിൽ വി.എസ്. വലിയ പങ്കു വഹിച്ചു. കമ്യൂണിസ്റ്റ് മൂല്യം ജനമനസ്സിൽ ഉറപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ പാർട്ടി നടത്തിയത്. ഇതിൽ വി.എസിനെപ്പോലെയുള്ള നേതാക്കളുടെ സംഭാവന വളരെ വലുതാണ്. ജന്മിത്തം, മുതലാളിത്തം, സാമ്രാജ്യത്വം തുടങ്ങിയ വിപത്തുകളെ എതിർക്കുന്നതിൽ ഇവർ ശ്രദ്ധിച്ചു. കുത്തകമുതലാളിത്തം അവസാനിപ്പിച്ച് ചൂഷണം ഇല്ലാതാക്കി അധ്വാനത്തിൻ്റെ മൂല്യം പുനഃസ്ഥാപിക്കുന്ന പ്രവർത്തനങ്ങളായിരുന്നു അവ. പാർട്ടിക്കുപിന്നിൽ ജനങ്ങളെ അണിനിരത്താൻ തിരഞ്ഞെടുപ്പുകളെ ഉപയോഗിക്കുന്നതിന്റെഭാഗമായി പാർട്ടി തിരഞ്ഞെടുപ്പുകളിൽ പങ്കാളികളായി. കേരളത്തിൽ പാർട്ടിയെ അധികാരത്തിലേക്കെത്തിച്ച കഠിനപ്രവർത്തനങ്ങളിൽ വി.എസിന്റെ നേതൃപരമായ പങ്ക് പ്രകടമാണ്. കേരളനിയമസഭയിലേക്കു നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പായിരുന്നു 1958-ൽ മൂന്നാറിലേത്. പാർട്ടിയെസംബന്ധിച്ച് ഏറെ നിർണായകമായ ഈ ഉപതിരഞ്ഞെടുപ്പിൽ റോസമ്മ പുന്നൂസിന്റെ തിരഞ്ഞെടുപ്പുപ്രവർത്തനത്തിൻ്റെ ചുമതല വി.എസിനായിരുന്നെന്നത് അദ്ദേഹത്തിന്റെ നേതൃശേഷി വ്യക്തമാക്കുന്നു. പാർട്ടിസ്ഥാനാർഥിയുടെ വിജയം ഉറപ്പിക്കാൻ ചിട്ടയായ ആ പ്രവർത്തനത്തിനായി.