Kerala

കോൺഗ്രസിലെ ആഭ്യന്തര തർക്കം രൂക്ഷമായ പശ്ചാത്തലത്തിൽ പാർട്ടി വക്താക്കൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കെപിസിസി

തിരുവനന്തപുരം: കോൺഗ്രസിലെ ആഭ്യന്തര തർക്കം രൂക്ഷമായ പശ്ചാത്തലത്തിൽ പാർട്ടി വക്താക്കൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കെപിസിസി. വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ പാടില്ലെന്നും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് പാർട്ടി വേദികളിൽ മാത്രമേ ഉന്നയിക്കാവൂ എന്നും കെപിസിസി ഇറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു. വക്താക്കൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്ന സ്ഥിതി രൂക്ഷമായതോടെയാണ് നേതൃത്വം അടിയന്തര നിർദേശവുമായി രംഗത്തെത്തിയത്.

ചില പാർട്ടി വക്താക്കൾ മുഖ്യമന്ത്രിയെ പരസ്യമായി വിമർശിച്ചതിന് പിന്നാലെയാണ് കെപിസിസി ഈ നിർദേശം പുറപ്പെടുവിച്ചത്. അതേസമയം, ആർഎസ്എസ് പ്രവർത്തകനായ ഡി.എസ്. ശരത്തിനെ സീനിയർ ഗവ. പ്ലീഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കെഎസ്യുവിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് മുഖ്യമന്ത്രിയും കെഎസ്‍യു നേതാവ് അലോഷ്യസ് സേവ്യറും തമ്മിലുള്ള തർക്കം ഇപ്പോഴും തുടരുകയാണ്. ഗവണ്‍മെന്‍റ് പ്ലീഡർ നിയമന വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനുമായി വീണ്ടും കൂടിക്കാഴ്ച്ച നടത്തുന്നതിനായി കെഎസ്‌യു പ്രസിഡന്‍റ് സമയം ആവശ്യപ്പെട്ട് കത്ത് നൽകും. ഈ വിഷയത്തിൽ പരസ്യ പ്രതിഷേധം ഒഴിവാക്കണമെന്ന് കെപിസിസി നേതൃത്വം നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, കെഎസ്‌യു നേതാക്കളോട് നിലവിൽ മാധ്യമങ്ങളോട് പ്രതികരണം നടത്താൻ പാടില്ലെന്ന് അലോഷ്യസ് സേവ്യർ നിർദേശം നൽകിയിട്ടുണ്ട്.

പാർട്ടിയിൽ ചേരി തിരിഞ്ഞുള്ള പോരിനെതിരെ മുന്നണിയിലും അണികൾക്കിടയിലും വിമർശനം ശക്തമാണ്. തുടർച്ചയായുണ്ടാകുന്ന വിവാദങ്ങളിൽ മുതിർന്ന നേതാക്കൾക്കും കടുത്ത അതൃപ്തിയുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ കെപിസിസി രാഷ്ട്രീയ കാര്യ സമിതി അടിയന്തരമായി ചേരണമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്‍റെ ആവശ്യം. വിഷയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വിമർശനത്തിന് പിന്നാലെ അനൂപ് വി.ആറിനെയും, ജിന്‍റോ ജോണിനെയും പാർട്ടി മീഡിയ പാനലിൽ നിന്ന് ഒഴിവാക്കണമെന്ന് സതീശൻ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി. നായർ കെപിസിസി പ്രസിഡണ്ടിനും മാധ്യമ വിഭാഗം ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനും പരാതി നൽകി. മുഖ്യമന്ത്രിയെ പരസ്യമായി വിമർശിച്ചവർ വക്താക്കളായി തുടരുന്നത് പാർട്ടിക്ക് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നാണ് രാജു പി. നായർ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top