തിരുവനന്തപുരം:കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സിയുടെ ബിസിനസ് ക്ലാസ് ബസിന് വിശ്രമം.രണ്ട് കോടി രൂപ വീതം ചെലവഴിച്ച് രണ്ട് ബസുകളാണ് കെ.എസ്‌ആർ.ടി.സി വാങ്ങിയത്. ബംഗലുരുവില്‍ നിന്ന് കഴിഞ്ഞ ഏപ്രില്‍ അവസാനത്തോടെ ബസ് പാപ്പനംകോട് സെൻട്രല്‍ വർക് ഷോപ്പിലെത്തിയെങ്കിലും രണ്ടരമാസം പിന്നിട്ടിട്ടും ബസ് നിരത്തിലിറക്കിയിട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പ് ബസ് എത്തും മുന്നേ മന്ത്രിയായിരുന്ന കെ.ബി ഗണേഷ്കുമാർ ബസിന്റെ ഉദ്ഘാടന പ്രഖ്യാപനം നടത്തിയിരുന്നു. പിന്നീട് ഔദ്യോഗികമായി രംഗത്തിറക്കാൻ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം മൂലം സാധിച്ചില്ല.

പുതിയ സർക്കാർ വന്ന് ഒന്നരമാസം പിന്നിട്ടിട്ടും ബസ് സർവിസ് ആരംഭിച്ചിട്ടില്ല. ഇതിനിടെ രജിസ്ട്രേഷൻ ഉള്‍പ്പടെയുള്ള നടപടികളും പൂർത്തിയായി. ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാൻട്രിയും ഒക്കെ ആയി വന്ദേഭാരത് ട്രെയിനിനു സമാന്തരമായുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങാതെ കിടക്കുന്നത്.

ആദ്യ ഘട്ടത്തില്‍ കൊച്ചി- തിരുവനന്തപുരം റൂട്ടിലാണ് ബസിന്റെ സർവിസ് നിശ്ചയിച്ചിരുന്നത്. റോഡ് നിർമാണം പൂർത്തിയായിക്കഴിഞ്ഞാല്‍ ഇത് തൃശൂരിലേക്കു നീട്ടുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. രാവിലെ ഒരു ബസ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും അവിടെ നിന്ന് ഒരു ബസ് തിരിച്ചും എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
3.5-4 മണിക്കൂർ കൊണ്ട് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തുമെന്നായിരുന്നു വാഗ്ദാനം. ടിക്കറ്റ് നേരത്തേ തന്നെ ബുക്ക് ചെയ്യണം. ഈ സമയത്ത് ഭക്ഷണത്തിന്റെ ഒരു മെനു ഉണ്ടാകും. ആ സമയത്ത് തന്നെ ഭക്ഷണവും ഓർഡർ ചെയ്യാം. മിന്നല്‍ സർവിസിന്റെ മാതൃകയില്‍ ആയതിനാല്‍ അധികം സ്റ്റോപ്പ് ഉണ്ടാകില്ല. എല്ലാ ടിക്കറ്റും തിരുവനന്തപുരത്തേക്ക് ആണെങ്കില്‍ എവിടെയും നിർത്തില്ല.
അല്ലെങ്കില്‍ ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ് ഉണ്ടാകും. ബസില്‍ കണ്ടക്ടർ ഉണ്ടാവില്ല. പകരം ടിക്കറ്റ് പരിശോധിക്കാനും ഭക്ഷണം എടുത്തു നല്‍കാനുമൊക്കെയായി ഒരു ‘ബസ് ഹോസ്റ്റസ്’ ആയിരിക്കും ഉണ്ടാവുക. ആദ്യമായി എയർഹോസ്റ്റസ് മാതൃകയില്‍ ബസില്‍ ‘ബസ് ഹോസ്റ്റസും’ പ്രഖ്യാപനവും കെ.എസ്.ആർ.ടി.സി നടത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം പ്രഖ്യാപനങ്ങളായി നീളുകയാണ്