
ഫിഫ ലോകകപ്പ് 2026-ന്റെ ആവേശകരമായ പ്രീക്വാർട്ടർ പോരാട്ടത്തിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും ഗോളുകളൊന്നും നേടാനാകാതിരുന്നതിനെ തുടർന്ന് (0-0) നടന്ന ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനാണ് സ്വിസ് പട വിജയം പിടിച്ചെടുത്തത്. 1954-ന് ശേഷം ആദ്യമായാണ് സ്വിറ്റ്സർലൻഡ് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ യോഗ്യത നേടുന്നത്.
കാനഡയിലെ വാൻകൂവറിലുള്ള ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും കടുത്ത പ്രതിരോധമാണ് കാഴ്ച്ചവെച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ കൊളംബിയൻ താരം ഗുസ്താവോ പ്യൂർട്ടയുടെ മികച്ചൊരു ഗോൾശ്രമം സ്വിസ് ഗോൾകീപ്പർ ഗ്രെഗർ കോബൽ അക്രോബാറ്റിക് സേവിലൂടെ തടഞ്ഞു. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത കോബലാണ് കളിയിലെ താരം .
അധിക സമയത്തിന്റെ അവസാന നിമിഷങ്ങളിൽ കൊളംബിയയുടെ ജോൺ ലുകൂമിയുടെ ഹെഡ്ഡർ ക്രോസ്ബാറിൽ തട്ടിത്തെറിച്ചതും ജാമിന്റൺ കാമ്പാസിന്റെ പിഴവുകളും കൊളംബിയക്ക് തിരിച്ചടിയായി.
ഷൂട്ടൗട്ട് നാടകം
ഷൂട്ടൗട്ടിൽ കൊളംബിയക്കായി ഹുവാൻ ഫെർണാണ്ടോ ക്വിന്റേറോ, ജാമിന്റൺ കാമ്പാസ്, ലൂയിസ് ഡയസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഡാവിൻസൺ സാഞ്ചസിന്റെ ഷോട്ട് ക്രോസ്ബാറിൽ തട്ടി പുറത്തുപോയി. തുടർന്ന് ക്യൂച്ചോ ഹെർണാണ്ടസിന്റെ കിക്ക് സ്വിസ് ഗോൾകീപ്പർ കോബൽ തട്ടിയകറ്റി.
സ്വിറ്റ്സർലൻഡിനായി ഗ്രാനിറ്റ് ശാക്ക, സെക്കി അംദൗനി, സെഡ്രിക് ഇറ്റൻ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ മാനുവൽ അകാഞ്ചിയുടെ കിക്ക് പിഴച്ചു. ഒടുവിൽ നിർണായകമായ അവസാന കിക്ക് വലയിലെത്തിച്ച് റൂബൻ വർഗാസ് സ്വിറ്റ്സർലൻഡിന് ചരിത്ര വിജയം സമ്മാനിക്കുകയായിരുന്നു.
ക്വാർട്ടർ ഫൈനലിൽ കരുത്തരായ അർജന്റീനയാണ് സ്വിറ്റ്സർലൻഡിന്റെ എതിരാളികൾ. ഈ മാസം കൻസാസ് സിറ്റിയിലാണ് ഈ മത്സരം നടക്കുക.