Kerala

കലാപൂരത്തിന് കൊല്ലത്ത് തിരി തെളിഞ്ഞു; 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കൊല്ലം: കൊല്ലത്തിന്റെ മണ്ണിൽ ഇനി കലാപൂരത്തിന്റെ അഞ്ചുനാളുകള്‍. ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന് തിരിതെളിച്ചു. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, കെ.രാജന്‍, കെ.ബി.ഗണേഷ്‌കുമാര്‍, ജെ.ചിഞ്ചുറാണി എന്നിവര്‍ പങ്കെടുത്തു. നടിയും നർത്തകിയുമായ ആശാ ശരത്തിന്റെയും സംഘത്തിന്റെയും സ്വാഗത ഗാന അവതരണവും വേദിയിൽ നടന്നു. ആറ് പതിറ്റാണ്ടിനിടെ ഇത് നാലാം തവണയാണ് കൊല്ലം, സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്. കഴിഞ്ഞ തവണ കോഴിക്കോടായിരുന്നു വേദി.

24 വേദികളില്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും. 59 ഇനങ്ങളിലാണ് ആദ്യദിനം മത്സരങ്ങള്‍ നടക്കുന്നത്. പതിനാലായിരത്തോളം മത്സരാര്‍ഥികള്‍ അഞ്ചുദിവസങ്ങളിലായി വിവിധ വേദികളില്‍ എത്തും. സാംസ്‌കാരികനായകരുടെ പേരാണ് വേദികള്‍ക്ക് നല്‍കിയിട്ടുള്ളത്. കൊല്ലം ഗവ. എല്‍.പി.സ്‌കൂളില്‍ രജിസ്ട്രേഷനും തുടക്കമായി. കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടുന്ന ജില്ലയ്ക്ക് നല്‍കാനുള്ള സ്വര്‍ണക്കപ്പിന് ബുധനാഴ്ച ഒരുമണിയോടെ ജില്ലാ അതിര്‍ത്തിയായ കുളക്കടയില്‍ വരവേല്‍പ് നല്‍കി. മത്സരവിജയികള്‍ക്കും പങ്കെടുക്കുന്നവര്‍ക്കും നല്‍കാനുള്ള 12,000 പുതിയ ട്രോഫികള്‍ രാത്രിയോടെ തൃശ്ശൂരില്‍നിന്ന് കൊല്ലത്ത് എത്തിച്ചു.

മത്സരാര്‍ഥികള്‍ക്ക് കൊല്ലം നഗരത്തിലെ 23 സ്‌കൂളുകളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. കുട്ടികളെ വേദികളിലും ഭക്ഷണശാലകളിലും എത്തിക്കാന്‍ 30 സ്‌കൂള്‍ ബസുകള്‍ കലോത്സവ വാഹനങ്ങളായി ഓടുന്നു. വേദികള്‍ക്കു സമീപം ഓരോ ജില്ലയില്‍നിന്നും എത്തുന്ന വാഹനങ്ങളില്‍ പ്രത്യേക സ്റ്റിക്കര്‍ പതിപ്പിച്ചാണ് പാര്‍ക്കിങ് സ്ഥലം നിശ്ചയിച്ച് നല്‍കുന്നത്. തീവണ്ടിമാര്‍ഗം എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വേദികള്‍, താമസസൗകര്യം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ റെയില്‍വേ സ്റ്റേഷനില്‍ ഹെല്‍പ്പ് ഡെസ്‌കും പ്രവര്‍ത്തിക്കും. കൊല്ലം ക്രേവന്‍ സ്‌കൂളിലാണ് ഭക്ഷണസൗകര്യം ഒരുക്കിയിട്ടുള്ളത്. പഴയിടം മോഹനന്‍ നമ്പൂതിരിയാണ് ഇത്തവണയും ഭക്ഷണം ഒരുക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top