പാലാ :ഈ ചൂട്ടും കൂടെ തീരുമ്പം അപ്പന്റെ സൂക്കേട് തീരുവല്ലോ എന്നുള്ളത് ഒരു നടൻ പ്രയോഗമാണ് .പുതുതലമുറയിൽ അന്യം നിന്ന് പോയെങ്കിലും പഴയ തലമുറ കൂടെ കൂടെ ഓർക്കാറുണ്ട് ഈ കഥകളൊക്കെ .നല്ല മഴക്കാലത്ത് രാത്രി കറിയാക്കുട്ടി ചേട്ടൻ ചൂണ്ടയുമെടുത്ത് ഇറങ്ങി മീൻ പിടുത്തം തന്നെയാണ് ഉദ്ദേശം .രാത്രിയോട് ഇമ്മിണി പേടിയൊക്കെയുണ്ട് .

പക്ഷേങ്കില് അതൊക്കെ പുറത്ത് കാണിക്കാൻ പറ്റുമോ ;ഒരു ധൈര്യത്തിന് മൂത്ത മകൻ ജോസൂട്ടിയേം കൂടെ കൂട്ടി .അന്നൊക്കെ ചൂട്ടാണ് വെളിച്ചം തരുന്നത് .ഒരു ചൂട്ട് അര മുക്കാൻ മണിക്കൂർ കത്തും .ഒരു ചൂട്ട് കത്തിയിട്ടും ദൈവാനുഗ്രഹം കൊണ്ട് ഒരു മീനും കിട്ടിയില്ല മകന് അരിശം വന്നു .നമുക്ക് പോകാം അപ്പ .കറിയാക്കുട്ടി ചേട്ടനും അരിശം വന്നു മീൻ നല്ല കേറ്റമാ അന്നേരവാ വീട്ടിൽ പോകുന്നെ .ഈ ചൂടും കൂടെ തീരട്ടെ പോകാം എന്നായി അപ്പൻ .അടുത്ത ചൂട്ടും തീർന്നു മകൻ പഴയ പല്ലവി ആവർത്തിച്ചു .അപ്പൻ പറഞ്ഞു ഈ ചൂട്ടും കൂടെ തീരട്ടെ പോകാം .പക്ഷെ ഒരു മീൻ പോലും കിട്ടിയില്ല മകൻ അക്ഷമനായി .

അപ്പോളാണ് അവസാനത്തെ ചൂട്ടും കൂടെ അപ്പൻ കത്തിച്ചത് .ആഹ്‌ളാദം കൊണ്ട് മതി മറന്ന ജോസൂട്ടി ഉറക്കെ തന്നെ വിളിച്ചു പറഞ്ഞു .ഈ ചൂട്ടും കൂടെ തീരുമ്പം അപ്പന്റെ സൂക്കേട് തീരുവല്ലോ.എന്ന് പറഞ്ഞപോലെയായി പാലാ നഗരസഭയിലെ ഓട്ടോ തർക്കങ്ങളും .ഈ ഭരണം കൂടെ തീരുമ്പം സ്വതന്ത്രന്മാരുടെ സൂക്കേടും തീരും അത്ര തന്നെ .ഭരണത്തിലെ തമ്മിലടി മൂലം മഴക്കാല പൂർവ ശുചീകരണമൊന്നും ഒരിടത്തും എത്തിയിട്ടില്ല .കാബൂളിവാല സിനിമയിൽ ഇന്നസെന്റ് ചായക്കടയിൽ കാപ്പി കുടി കഴിഞ്ഞു ചോദിക്കുന്നുണ്ട് കൈനീട്ടം വൈകിട്ട് മതിയോ പിള്ളേച്ചാ അത് പോലെയാണ് പാലാ നഗരസഭയിലെയും കാര്യങ്ങൾ .മഴക്കാല ശുചീകരണം ഡിസംബറിലേക്ക് മാറ്റി വച്ചോ ആവോ .ജൂബിലി പെരുന്നാളിന് ചാരുത കൂടുമല്ലോ .മത മൈത്രിയും ആവും .

ഇരുപതോളം ഓട്ടോക്കാർ അരിമേടിക്കാൻ സ്റ്റാൻഡ് മാറ്റി പിടിച്ചു അതുതന്നെ പൊതുജനം അപകടത്തിൽ പെടുന്നത് കണ്ടിട്ടാണ് തങ്ങളുടെ സ്റ്റാൻഡ് മാറ്റി പിടിച്ചത് .കൗൺസിലർ ബിജു മാത്യൂസും കൂടെ കൂടി .അപ്പോൾ അതെ വരുന്നു പ്രാക്റ്റിക്കലും തിയറിക്കലുമായിട്ട് അച്ഛനും കൊച്ചും .എന്നാൽ ഞങ്ങൾ തെക്കേക്കരയിലും ഓട്ടോ സ്റ്റാൻഡ് മുൻസിപ്പൽ സ്ഥലത്ത് അനുവദിക്കും എന്ന് പറഞ്ഞു .പാവം പിടിച്ച ഓട്ടോക്കാരുടെ കഞ്ഞി കുടി മുട്ടിച്ചാലും വേണ്ടിയില്ല ഓട്ടോ സ്റ്റാൻഡ് പൊളിച്ചിരിക്കും എന്ന ഉഗ്ര ശപഥം ചെയ്തു .കാവിലമ്മയാണേ ;കളരി പരമ്പര ദൈവങ്ങളാണേൽ സത്യം ഇന്നേക്ക് മൂന്നാം നാൾ കടത്തനാട്ട് മാക്കത്തെ വിവാഹം ചെയ്തിരിക്കും എന്ന് പ്രേം നസീർ പറഞ്ഞ പോലെ ഓട്ടോ സ്റ്റാൻഡ് പൊളിക്കാനുള്ള നീക്കമായി പിന്നീട്.
പക്ഷെ കോൺഗ്രസിലെ ആൺ പിള്ളേര് ക്ഷമയുടെ നെല്ലിപ്പടി കണ്ടപ്പോൾ അവരും പ്രതികരിച്ചു ഇനി ഈ കളി വേണ്ടെന്നായി അവർ .ഒന്നുകിൽ ഞാൻ കല്യാണത്തിന് പോകാം നിങ്ങള് വീട്ടിൽ ഇരി ;അല്ലെങ്കിൽ നിങ്ങൾ വീട്ടിൽ ഇരി ഞാൻ കല്യാണത്തിന് പോകാം എന്ന പുത്തൂരം അടവ് ഇനി യു ഡി എഫിൽ നടക്കില്ലെന്നു കോൺഗ്രസിലെ യുവ തുർക്കികൾ പറഞ്ഞപ്പോൾ തള്ളിപ്പോയത് കൊച്ചിന്റച്ഛന്റെ കണ്ണായിരുന്നു .
കഴിഞ്ഞ ഭരണത്തിൽ ചെയർമാൻ സ്ഥാനം കൊച്ചിന്റച്ഛന് കിട്ടേണ്ടതായിരുന്നു .പക്ഷെ അഹങ്കാരം കാരണം അത് കിട്ടിയില്ല .പകരം വന്ന ഇട്ടിമാത്തൻ ജോയി ചേട്ടന്റെ മകൾ ജോസിൻ ബിനോ കൂടെ നിൽക്കുമെന്ന് കരുതിയെങ്കിലും ;അവരുടെ നേരെ ഭരണം കൂടിയപ്പോൾ കൂടെ നിന്നും അവർ ചാടി പോയി .ഞാൻ പറയാതെ വരരുത് .നിൽക്കരുത് .മിണ്ടരുത് എന്നൊക്കെ പറഞ്ഞപ്പോൾ കൊച്ചിന്റെയച്ഛനോട് നീ പോ മോനെ ദിനേശാ എന്നും ജോസിനും വച്ച് കാച്ചി .അങ്ങനെ ചെയര്മാനാകാനും പറ്റിയില്ല .പകരം വന്ന ചെയർപേഴ്‌സനെ നിയന്ത്രിക്കാനും പറ്റിയില്ല .
ഈ ഭരണത്തിൽ വൈസ് ചെയർമാൻ സ്ഥാനം 28 നു ശേഷം കൊച്ചിന്റച്ഛന് ലഭിക്കേണ്ടതാണ്.പക്ഷെ അഹങ്കാരം അവിടെയും വിലങ്ങു തടിയായി ഇത്തവണ ഓട്ടോയാണ് കണ്ടകശ്ശനിയുടെ രൂപത്തിൽ വന്നത് .ഓട്ടോയിൽ തട്ടിയപ്പോൾ വൈസ് ചെയർമാൻ സ്ഥാനവും ഗോപി വരച്ചു .അന്നേരമാണ് കറിയാ കുട്ടി ചേട്ടനോട് മകൻ പറഞ്ഞ കാര്യം ഇവിടെ പ്രസക്തമാകുന്നത് .ഈ ചൂട്ടും കൂടെ തീരുമ്പം അപ്പന്റെ സൂക്കേട് തീരുവല്ലോ..?