തിരുവനന്തപുരം: ഗവർണർ നേരിട്ട് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടത്തിയ വിവരം അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ പ്രതികരണത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

ഇത്രയും ഗൗരവതരമായ ഒരു വിഷയം മുഖ്യമന്ത്രി അറിയുന്നത് പത്രവാർത്തകളിലൂടെയാണത്രെ! എക്സിക്യൂട്ടീവിന്റെ തലവനായ മുഖ്യമന്ത്രിയെ അറിയിക്കുകപോലും ചെയ്യാതെ ഉദ്യോഗസ്ഥർ ഗവർണർ വിളിച്ച യോഗത്തിൽ പങ്കെടുക്കുകയോ?

ഭരണം യഥാർത്ഥത്തിൽ ആരാണ് നിയന്ത്രിക്കുന്നത്? ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിലുള്ളപ്പോൾ ഗവർണറുടെ കടമ മന്ത്രിസഭയുടെ ഉപദേശ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ്. അല്ലാത്ത ഏത് നടപടിയും ഭരണഘടനാ ലംഘനമാണ് എന്നായിരുന്നു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പിണറായി വിജയൻ വിമർശിച്ചിരിക്കുന്നത്.

ഈ നടപടി ഇന്ത്യയുടെ ഫെഡറലിസത്തിന്റെ അന്തഃസത്തയെ തന്നെ തകർക്കുന്ന നടപടിയാണെന്ന് ഭരണ ഘടന വിദഗ്ദ്ധരും അഭിപ്രായപ്പെട്ടു .