പാലാ: ജനറൽ ആശുപത്രിയിലെ 3 പുതിയ കെട്ടടങ്ങൾക്ക് അഗ്നി സുരക്ഷാ സേനയുടെ നിരാക്ഷേപ പത്രം (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ഇല്ലെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ സമ്മതിച്ച് പൊതുമരാമത്ത് വകുപ്പ് കെട്ടിട, ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റ് വിഭാഗങ്ങളും അഗ്നി രക്ഷാ സേനയും. ജനറൽ ആശുപത്രിയിൽ ഒരു മാസം മുൻപ് നടത്തിയ പരിശോധനയിൽ ഒട്ടേറെ അപാകതകൾ കണ്ടെത്തിയിരുന്നു. ഇവ പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി വകുപ്പുതല ഉദ്യോഗന്ഥർ അറിയിച്ചു. കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിൽ അംഗം പീറ്റർ പന്തലാനി കോഴിക്കോട് മെഡിക്കൽ കോളജിൽ തീപിടത്തമുണ്ടായ പശ്ചാത്തലത്തിൽ ജനറൽ ആശുപത്രി കെട്ടിട നിർമാണത്തിലെ അപാകതകൾ ശ്രദ്ധയിൽപ്പെടുത്തി പരാതി നൽകിയതിനെ തുടർന്നാണ് ഉദ്യോഗന്ഥർ സംയുക്തമായി പരിശോധിച്ചത്. 7 വർഷം മുൻപ് നിർമാണം പൂർത്തീകരിച്ച 3 കെട്ടിടങ്ങൾക്ക് എൻ.ഒ.സി ഇല്ലാത്തതിനാൽ ഇവിടെ ഏതെങ്കിലും വിധത്തിൽ അപകടങ്ങൾ ഉണ്ടായാൽ വ്യക്തികൾക്ക് ഇൻഷ്വറൻസ് തുക പോലും ലഭിക്കില്ലന്നു പീറ്റർ പന്തലാനിയുടെ ചേദ്യത്തിന് ഉദ്യോഗന്ഥർ മറുപടി നൽകി.

ആശുപത്രി കെട്ടിടങ്ങൾക്ക് ഫയർ എൻ.ഒ.സി നൽകുന്നതിന് ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇതു സംബന്ധിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച മാണി സി.കാപ്പൻ നിർദ്ദേശം നൽകി. ആശുപത്രി സ്ഥലത്തിന് ചുറ്റുമതിൽ നിർമിക്കുന്നതിന് ബജറ്റിൽ അനുവദിച്ച ഒന്നര കോടി രൂപയും നവകേരള സദസ്സിലൂടെ അനുവദിച്ച 3.5 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്. ആശുപത്രി സ്ഥലത്തിനു അതിരു കെട്ടി സംരക്ഷിക്കുന്നതിനായി അതിരുകൾ നിർണ്ണയിച്ചു നൽകാനും കയ്യേറ്റം കണ്ടെത്തിയാൽ ഒഴിപ്പിക്കാനും തഹസീൽദാരെ ചുമതലപ്പെടുത്തി. ഇക്കാര്യങ്ങൾ അടിയന്തരമായി ചെയ്തില്ലെങ്കിൽ അനുവദിച്ച തുക നഷ്ടമാകുമെന്ന് എംഎൽഎ അറിയിച്ചു. 100 വർഷത്തിനു മുകളിൽ പഴക്കമുള്ള ചക്കാമ്പുഴ ഗവ.യു.പി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് പഴയ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റണം. ഇതിൽ പ്രവർത്തിക്കുന്ന അംഗനവാടി മാറ്റണമെന്ന് രാമപുരം പഞ്ചായത്ത് സെക്രട്ടറിയോട് പല തവണ ആവശ്യപ്പെട്ടിരുന്നു.എന്നാൽ അംഗൻവാടി മാറ്റുകയോ യോഗത്തിൽ ഹാജരാകുകയോ ചെയ്യാത്ത സെക്രട്ടറിയോട് 3 ദിവസത്തിനുള്ളിൽ തഹസിൽദാർക്കു മുൻപിൽ ഹാജരായി നടപടി സ്വീകരിക്കണമെന്ന് യോഗം നിർദേശം നൽകി.

ഒട്ടേറെ പരാതികൾ ഉണ്ടായിട്ടും പാലാ ജല അതോറിറ്റി വിഭാഗം എൻജിനീയർ തുടർച്ചയായി യോഗത്തിൽ പങ്കെടുക്കാത്തത് പ്രതിഷേധമുയർത്തി. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ ജില്ല കലക്ടർക്കും ജല അതോറിട്ടി ചീഫ് എൻജിനീയർക്കും റിപ്പോർട്ട് നൽകും. കെ.എസ്.ഇ.ബി ഫീഡർ ഓഫ് ചെയ്യുമ്പോൾ എല്ലാ ഉപഭോക്താക്കൾക്കും വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കാൻ റിംങ്ങ് മെയിൻ യൂണിറ്റ് (ആർ.എം യു )സംവിധാനം ഉപയോഗിച്ച് വ്യത്യസ്ത ഫീഡറുകളെ ബന്ധിപ്പിച്ച് വൈദ്യതി മുടക്കമില്ലാതെ ലഭിക്കുന്ന സ്മാർട്ട് സെക്ഷൻ പദ്ധതിയിൽ പാലാ, ഈരാറ്റുപേട്ട മേജർ സെക്ഷനുകളെ ഉൾപ്പെടുത്തണമെന്ന് പീറ്റർ പന്തലാനി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നതിനു മന്ത്രിക്കും കെ.എസ്.ഇ.ബി. ചെർമാനും കത്തു നൽകിയിട്ടുണ്ടെന്നും പദ്ധതിയിൽ ഉൾപ്പെടുത്താൻ പരിശ്രമിക്കുമെന്നും മാണി സി.കാപ്പൻ പറഞ്ഞു. വെള്ളപ്പൊക്കം മൂലം മൂന്നാനിയിൽ തുടർച്ചയായി ഉണ്ടാകുന്ന ഗതാഗത തടസ്സം പരിഹരിക്കുന്നതിനു റോഡ് മണ്ണിട്ടുയർത്തണമെന്നത് ഉൾപ്പെടെ ഒട്ടേറെ പരാതികൾ യോഗം പരിശോധിക്കുകയും നടപടി നിർദ്ദേശിക്കുകയും ചെയ്തു.
ഇല്ലിക്കൽക്കല്ലിലെ കുടക്കല്ലിൽ ഉണ്ടായ വിള്ളൽ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മൈനിങ്ങ് ആൻഡ് ജിയോളജി വിഭാഗത്തെ ചുമതലപ്പെടുത്തി. തെരുവ് നായ്ക്കൾക്കുള്ള എ.ബി.സി കുത്തിവയ്പ്പ് അടിയന്തരമായി പൂർത്തിയാക്കും. പാലാ-തൊടുപുഴ ഹൈവേയിൽ അപകടങ്ങൾ പതിവായതിനാൽ റോഡ് സുരക്ഷ കൗൺസിലും പൊതുമരാമത്ത് ഹൈവേ വിഭാഗവും നാറ്റ്പാക്കും ചേർന്ന് പരിശോധന നടത്തി കലക്ടർക്ക് റിപ്പോർട്ട് നൽകണമെന്നും യോഗം നിർദ്ദേശം നൽകി.
പഞ്ചായത്ത് പ്രസിഡൻ്റുമാരായ സജേഷ് ശശി, സോജൻ തൊടുക, ഇ.എം.ബിനു, തഹസീൽദാർ ലിറ്റി ജോസഫ്, എ.കെ.ചന്ദ്രമോഹൻ, ജോസുകുട്ടി പൂവേലിൽ, ‘ജോർജ് പുളിങ്കാട്, പീറ്റർ പന്തലാനി, തോമസ് ഉഴുന്നാലിൽ, ഡോ.തോമസ് കാപ്പൻ, അഡ്വ ആൻ്റണി ഞാവള്ളി, സണ്ണി മാത്യു, പി.എസ്സ്. ബാബു, സതീഷ് ബാബു, വിവിധ വകുപ്പ് തല ഉദ്ദ്യേഗസ്ഥർ എന്നിവർ പങ്കെടുത്തു.

