
സാങ്കേതിക തകരാറിനെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് ബ്രിട്ടീഷ് നാവിക സേനയുടെ എഫ്-35 യുദ്ധവിമാനം. ബ്രിട്ടീഷ് പാര്‍ലമെന്റിലടക്കം ചര്‍ച്ചയായ വിഷയം കേരള ടൂറിസം പ്രമോഷന്റെ ഭാഗമായി.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കേരളം ടൂറിസം ഇത്തരത്തിലൊരു പോസ്റ്റര്‍ പങ്കു വെച്ചിട്ടുള്ളത്.
കേരളത്തിന്റെ മനോഹാരിത ചൂണ്ടിക്കാട്ടി, ഒരിക്കലും വിട്ടു പോകാന്‍ ആഗ്രഹിക്കാത്ത സ്ഥലമാണിതെന്നാണ് എഫ് -35 വിമാനം നിര്‍ത്തിയിട്ടിരിക്കുന്നതിന്റെ ചിത്രം വെച്ചുള്ള പരസ്യ പോസ്റ്റര്‍.
‘കേരളം അത്രയ്ക്ക് മനോഹരമായ സ്ഥലമാണ്, എനിക്ക് വിട്ടു പോകാന്‍ താല്‍പ്പര്യമില്ല’ എന്നു കുറിച്ചുകൊണ്ട് എഫ് -35 വിമാനം ഫൈവ് സ്റ്റാര്‍ നല്‍കി ശുപാര്‍ശ ചെയ്യുന്നതാണ് പരസ്യം.
ഇതിനിടെ എഫ്-35 യുദ്ധവിമാനം നന്നാക്കാന്‍ വിദഗ്ദ്ധസംഘം ഈയാഴ്ച തന്നെ തിരുവനന്തപുരത്തെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. 40 അംഗ ബ്രിട്ടീഷ് – അമേരിക്കന്‍ സാങ്കേതിക വിദഗ്ദ്ധരുടെ സംഘമാണ് തിരുവനന്തപുരത്തേക്കെത്തുന്നത്. എഫ്-35 നിര്‍മിച്ച അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ സാങ്കേതികവിദഗ്ദ്ധരും ഇക്കൂട്ടത്തിലുണ്ടാകും.
ബ്രിട്ടീഷ് സൈന്യത്തിന്റെ സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തിലാവും ഉപകരണങ്ങളുമായി സംഘമെത്തുക. ഹാങ്ങറിലെത്തിച്ച് തകരാര്‍ പരിഹരിക്കാനായില്ലെങ്കില്‍ സൈനിക ചരക്കുവിമാനമായ ഗ്ലോബല്‍ മാസ്റ്ററില്‍ തിരികെക്കൊണ്ടു പോകാനും നീക്കമുണ്ട്. വിമാനത്തിന്റെ രണ്ടു ചിറകുകളും അഴിച്ചുമാറ്റിയ ശേഷമാകും കൊണ്ടുപോകുക. ജൂലായ് 15-നകം വിമാനം ഇവിടെനിന്നു കൊണ്ടുപോകുമെന്നാണു സൂചന.
ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും അനുമതി ലഭിച്ചാലുടന്‍ ഇവരെത്തും. വ്യോമസേനയുടെ പ്രത്യേക അനുമതിയുംകൂടി ലഭിച്ചാലേ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായ സംഘത്തിന് വിമാനം നിര്‍ത്തിയിട്ടിരിക്കുന്ന പാര്‍ക്കിങ് മേഖലയില്‍ കടക്കാനാകൂ.
എഫ്-35 പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സിന്റെ രണ്ട് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെത്തിയിരുന്നു. ഇവരുള്‍പ്പെടെ ഏഴുപേരാണ് വിമാനത്തിന്റെ മേല്‍നോട്ടത്തിനായി ഇവിടെ തുടരുന്നത്. വിമാനം ഹാങ്ങര്‍ യൂണിറ്റിലേക്കു വലിച്ചുമാറ്റുന്നതിനുള്ള ഉപകരണങ്ങള്‍ ബ്രിട്ടണില്‍നിന്ന് എത്തിക്കും.
അറബിക്കടലിലെ സൈനികാഭ്യാസത്തിനെത്തിയ എച്ച് എം എസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്-35, ഇന്ധനക്കുറവുണ്ടായതിനെ തുടര്‍ന്ന് 14-ാം തീയതി രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. നിലവില്‍ വിമാനത്താവളത്തിന്റെ നാലാം നമ്പര്‍ ബേയില്‍ സി ഐ എസ് എഫിന്റെ സുരക്ഷാവലയത്തിലാണ് എഫ്-35.

