പാലാ :പാലായുടെ കലാകാരനായിരുന്ന മണർകാട് അപ്പച്ചൻ ഓർമ്മയായിട്ട് ഇന്ന് 45 വര്ഷം പൂർത്തിയാവുന്നു.പാലായിലെ പ്രശസ്ത നാടക വേദിയായ സി വൈ എം എൽ ന്റെ സഹയാത്രികനായിരുന്നു മണർകാട് അപ്പച്ചൻ.രാവിലെ മുതൽ അപ്പച്ചൻ ചേട്ടനെ സി വൈ എം എൽ ന്റെ പരിസര പ്രദേശങ്ങളിൽ കാണാം.സി വൈ എം എൽ അവതരിപ്പിക്കുന്ന നാടകങ്ങളിലെ പ്രധാന വേഷങ്ങളിൽ അദ്ദേഹവും ഉണ്ടാവും .

1974 ൽ പാലാ സെന്റ് തോമസ് ഹൈസ്‌കൂൾ ആഡിറ്റോറിയത്തിൽ അവതരിപ്പിച്ച ചമ്പൽ കാട് എന്ന നാടകത്തിൽ അപ്പച്ചൻ അവതരിപ്പിച്ച കൊള്ളത്തലവന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു .സി വൈ എം എൽ ന്റെ നേതൃത്വത്തിലുള്ള അമലോത്ഭവ നാടക മത്സരം ആദ്യകാലത്ത് ഇന്നത്തെ ടൗൺഹാൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തും ;പിന്നീട് കൊട്ടുകാപ്പള്ളിക്കാരുടെ എതിർവശത്തുള്ള സ്ഥലത്തുമായിരുന്നു നടത്തിയിരുന്നത് .അന്നൊക്കെ മാട്ടേൽ നാടകങ്ങൾ എന്ന പേരിലുള്ള നാടൻ കലാ സമിതികളുടെ നാടകങ്ങളായിരുന്നു അവതരിപ്പിച്ചിരുന്നത് .

അതിന്റെ മുഖ്യ സംഘടകനായിരുന്നു മണർകാട് അപ്പച്ചൻ.അതിൽ തന്നെ സി വൈ എം എൽ അവതരിപ്പിക്കുന്ന നാടകങ്ങളിൽ സദസ്സിൽ നിന്നും ചോദ്യങ്ങൾ ചോദിച്ചു കഥാപാത്രങ്ങൾ മറുപടി പറയുന്ന നൂതന ശൈലിയും കൊണ്ടുവന്നത് അപ്പച്ചനായിരുന്നു .ചോദ്യങ്ങൾ ചോദിക്കാനായി അദ്ദേഹം കാണികളി ലൊരാളായി സദസ്സിൽ ഇരിക്കുമായിരുന്നു .കെ എം ചാണ്ടി കെ പി സി സി പ്രസിഡന്റായപ്പോൾ കോട്ടയത്ത് നിന്നും കാർ റാലിയായാണ് കോൺഗ്രസുകാർ ചാണ്ടി സാറിനെ ആനയിച്ചുകൊണ്ട് വന്നത് .
ഇടിനാദം മുഴങ്ങട്ടെ .കടൽ രണ്ടായ് പിളരട്ടെ ; കെ എം മാണി ഞടുങ്ങട്ടെ;കെ എം ചാണ്ടി ജയിക്കട്ടെ എന്ന മുദ്രാവാക്യം പാലാ ടൗണിൽ വിളിച്ചു കൊടുത്തതും അപ്പച്ചനായിരുന്നു .ഒരിക്കൽ അദ്ദേഹത്തിന്റെ പുത്രനായ സന്തോഷ് മെയ്‌മാസ വണക്കത്തിന് അവതരിപ്പിച്ച കലാപരിപാടികളോടൊപ്പം മിമിക്രി അവതരിപ്പിച്ചിരുന്നു .അന്നത്തെ സിനിമയിൽ തുടങ്ങുമ്പോൾ കാണിക്കുന്ന ഇന്ത്യൻ ന്യൂസും ;വിദേശ പടത്തിലെ കാർ റെയ്‌സിംഗും ഒക്കെ അവതരിപ്പിച്ചായിരുന്നു സന്തോഷിന്റെ മിമിക്രി .അന്ന് അപ്പച്ചൻ ചേട്ടൻ അതെ കുറിച്ച് പറഞ്ഞത് മകൻ അവന്റെ പന്ഥാവ് തെരെഞ്ഞെടുത്തു; അവന്റെ വഴിക്കു പോകും എന്നായിരുന്നു .ഒരു പൊതുയോഗത്തിലായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത് .
അടിയന്തിരാവസ്ഥ കാലത്ത് പാലായിലെ മാണി എന്ന ഒരു ചുമട്ടു തൊഴിലാളിയെ പാലാ തെക്കേക്കരയിലെ ചിലർ ചേർന്ന് കൊലപ്പെടുത്തിയപ്പോൾ അതിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ചുമട്ടു തൊഴിലാളികൾ മാണി മരിച്ചു കിടക്കുന്ന ചിത്രം വച്ച ബോർഡും ഉന്തു വണ്ടിയിൽ കെട്ടി കാൽ നട ജാഥാ സംഘടിപ്പിച്ചിരുന്നു .കാൽ നട ജാഥയുടെ സമാപനത്തിന് അടിയന്തിരാവസ്ഥയാണെന്നൊന്നും നോക്കാതെ കൂടി നിന്ന പൊലീസുകാരെ നോക്കി അപ്പച്ചൻ ഗർജ്ജിച്ചു ഇങ്ങനെയൊരു പോലീസിൽ ഞങ്ങൾക്ക് വിശ്വാസമില്ല ;അരും കൊല നടന്നിട്ടും തെളിയിക്കാത്ത പോലീസ് ഞങ്ങൾക്ക് വേണ്ട എന്നായിരുന്നു മണർകാട് അപ്പച്ചൻ പ്രസംഗിച്ചത്.അദ്ദേഹം രോഗാതുരനായി ആശുപത്രിയിൽ അഭയം പ്രാപിച്ചപ്പോൾ രോഗ സൗഖ്യത്തിനായി കുരിശുപള്ളിയിൽ പ്രത്യേക കുർബാനയും നടത്തിയിരുന്നു;നൂറു കണക്കിന് ജനങ്ങളാണ് അന്ന് കുര്ബാനയ്ക്കായി പാലാ ടൗണിൽ കൂടിയത് .അദ്ദേഹം നട്ടു നനച്ചു വളർത്തിയ സി വൈ എം എൽ ഇന്നും പാലായുടെ തിലകക്കുറിയായി പരിലസിക്കുന്നത് അപ്പച്ചനുള്ള അശ്രുപൂജ തന്നെ .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ

