Kerala

താളം തെറ്റിയ മനസിനെ മരിയ സദൻ രക്ഷിച്ചു : പ്രത്യാശയുടെ പുതു ലോകം തേടി പാലായിൽ നിന്നും ഹരിയാനയിലേക്ക് പ്രദീപ്കുമാർ

താളം തെറ്റിയ മനസ്സുമായാണ് പ്രദീപ് ഒരു തീവണ്ടി യാത്ര ആരംഭിച്ചത് യാത്ര അവസാനിച്ചത് കോട്ടയം റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു. അങ്ങനെ പല വഴികളിലൂടെ അലഞ്ഞുതിരിഞ്ഞ് അദ്ദേഹം ഈരാറ്റുപേട്ട ഭാഗത്ത് എത്തിച്ചേർന്നു. മാനസിക വെല്ലുവിളി നേരിടുന്ന പ്രദീപിനെ ഈരാറ്റുപേട്ട പോലീസ് 2024 ഒക്ടോബർ മാസം മുപ്പതാം തീയതി പാലായിലുള്ള സന്തോഷ് ജോസഫിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മാനസിക പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചു. കീറി മുഷിഞ്ഞ വസ്ത്രങ്ങളും ആരെയും ഭീതിപ്പെടുത്തുന്ന നോട്ടവും പരസ്പര വിരുദ്ധമായ സംസാരങ്ങളും, അംഗവിക്ഷേപങ്ങളുടേയും ആകെ തുക ആയിരുന്നു പ്രദീപ്കുമാർ.
എന്നാൽ മരിയ സദനത്തിലെ ജീവിതം പ്രദീപിനെ തന്റെ ജീവിതത്തിൽ മാറ്റത്തിന്റെ പുതിയ അധ്യായങ്ങൾ രചിക്കുവാൻ പ്രാപ്തനാക്കുകയായിരുന്നു. ഇവിടത്തെ ചിട്ടയായ ചികിത്സാവിധികളോട് ആദ്യകാലങ്ങളിൽ പ്രദീപ് വിമുഖതയോടെ പുറംതിരിഞ്ഞ് നിന്നിരുന്നുവെങ്കിലും അയാൾ പതിയെ തന്റെ ജീവിതത്തിന്റെ താളം വീണ്ടെടുക്കുവാൻ തുടങ്ങി. അങ്ങനെ മരുന്നുകളോടും മറ്റ് ജീവിതചര്യകളോടും സാവധാനത്തിൽ പ്രതികരിക്കുവാനും അങ്ങനെ തനിക്ക് നഷ്ടമായ മനോനില വീണ്ടെടുക്കുവാനും പ്രദീപിന് സാധിച്ചു. ഒരു സിനിമ കഥപോലെ ഒരിക്കൽ വഴിതെറ്റിയ പ്രദീപിന്റെ ജീവിതം കരകയറുവാൻ മറ്റൊരു തീവണ്ടി യാത്ര തന്നെ വേണ്ടിവന്നു.
തന്റെ ജീവിതത്തിന്റെ താളം വീണ്ടെടുത്ത അദ്ദേഹം മരിയ സദനത്തിൽ ഈ കഴിഞ്ഞ എട്ടുമാസക്കാലം സേവന സന്നദ്ധതയുടെ ഒരു മുഖമായി മാറുകയായിരുന്നു. തന്നോടൊപ്പം ഉള്ള അനവധി പേർക്ക് സഹായത്തിന്റെ സാന്ത്വനത്തിന്റെ പരിചരണത്തിന്റെ വലിയ മാതൃകയാകാൻ അദ്ദേഹത്തിന് സാധിച്ചു. ഒപ്പം തന്റെ നാടിനെ കുറിച്ചുള്ള ചിന്തകളും ബന്ധുക്കളെ കുറിച്ചുള്ള ഓർമകളും നാട്ടിലേക്ക് തിരിച്ചു പോകുവാനുള്ള അതിയായ ആഗ്രഹവും ദൃഢപെട്ടു.
മരിയ സദനത്തിന്റെ ഡയറക്ടർ സന്തോഷ് ജോസഫും സഹപ്രവർത്തകരും പാലാ പോലീസ് സ്റ്റേഷനിലെ PRO നിസയും മറ്റു ഉദ്യോഗസ്ഥരും പ്രദീപിന്റെ പ്രതീക്ഷകൾക്ക് നിറം പകരാൻ കൂട്ടായി വന്നു. അങ്ങനെ കേരള സാമൂഹ്യനീതി വകുപ്പിന്റെ പ്രത്യാശ പദ്ധതിയുടെ ഭാഗമായി സ്വഭവനം കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായി സിസ്റ്റർ എലിസബത്തു അദ്ദേഹത്തിന്റെ നാടായ ഹരിയാനയിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്തു.
അങ്ങനെ പ്രദീപ്കുമാർ താൻ വീണ്ടെടുത്ത തന്റെ പുതുജീവിതം തുടരാൻ യാത്രയാവുകയാണ് തന്റെ ഉറ്റവരേയും ഉടയവരെയും ആഗ്രഹിച്ചുകൊണ്ട്.
പ്രിയ പ്രദീപ് നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. താളം തെറ്റിയ താങ്കളുടെ ജീവിതത്തിന്റെ പുതിയ താളം വീണ്ടെടുത്തതിന്. മരിയ സദനത്തിലെ താങ്കളുടെ ജീവിതം പോലെ ഇനിയും കുടുംബത്തിലും സമൂഹത്തിലും അഭിമാനമായി താങ്കൾ ജീവിതം തുടരുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top