പാലാ: സ്‌കൂളുകള്‍ തുറന്നിട്ടും മുനിസിപ്പല്‍ അധികാരികളുടേയും കൗണ്‍സിലര്‍മാരുടേയും കണ്ണുകള്‍ തുറന്നില്ല. പാലായിലും പരിസരപ്രദേശത്തും തെരുവുനായ്ക്കള്‍ വിലസുമ്പോഴും നഗരസഭ അത് അവഗണിക്കുകയാണ്. ഇന്ന് രാവിലെ സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികള്‍ പോകുന്ന ളാലം പള്ളി ഗ്രൗണ്ടില്‍ ആറു നായ്ക്കള്‍ കുരച്ചുകൊണ്ടു നില്‍ക്കുന്ന കാഴ്ച ഭയാനകമായിരുന്നു.

തെരുവുനായ് പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്‌കൂള്‍ കുട്ടികളുടേയും രക്ഷിതാക്കളുടേയും പൊതുജനങ്ങളുടെയും ഒപ്പുകള്‍ ശേഖരിച്ചു നിവേദനമാക്കി ബൗബൗ മാര്‍ച്ച് നടത്തി മുനിസിപ്പല്‍ അധികൃതര്‍ക്കു സമര്‍പ്പിക്കും.

ഒപ്പു ശേഖരണം 23 തിങ്കളാഴ്ച സ്‌കൂള്‍ പരിസരങ്ങളില്‍ ആരംഭിച്ച് 28 ശനിയാഴ്ച രാവിലെ ബൗബൗ മാര്‍ച്ച് നടത്തും. മൂന്നാംഘട്ട സമരം കൊണ്ട് പരിഹാരമില്ലെങ്കില്‍ നാലാം ഘട്ടം ഉടന്‍ ആരംഭിക്കും. പാലായില്‍ തെരുവുനായ്ക്കളെ പരിപൂര്‍ണ്ണമായി, ഇല്ലാതാക്കുന്നതുവരെ സമരം തുടരുമെന്ന് അഡ്വ. സന്തോഷ് കെ. മണര്‍കാട്ട്, മൈക്കിള്‍ കാവുകാട്ട്, ജോസ് വേരനാനി, എന്‍.പി. കൃഷ്ണന്‍നായര്‍ എന്നിവര്‍ പ്രസ്താവിച്ചു.

